പല്ലിന് എന്തെങ്കിലും കേടുകളോ തകരാറുകളോ ഇല്ലാത്തവർ ഇന്ന് ചുരുക്കമാണ്. ആകര്‍ഷകമായ ചിരി സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ടാണ് തന്നെ പല്ലുകളുടെ ഭംഗിക്കുറവ് പലരെയും അസ്വസ്ഥരാക്കാറുണ്ട്. നാം ഒരു ദിവസം തുടങ്ങുന്നത് തന്നെ പല്ല് തേച്ചുകൊണ്ടാണ്. അതിൽനിന്ന് തന്നെ മനസ്സിലാക്കാമല്ലോ ദന്തസംരക്ഷണം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന്. പല്ലുകൾ കേടുപാടുകളില്ലാതെ സംരക്ഷിക്കാൻ നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ദിവസവും രണ്ടുനേരം പല്ലു തേക്കുക. എന്നാൽ ഇത് കൂടുതൽ സമയമാകുന്നതും ദോഷമാണ്. അധികം സമയമെടുത്ത് ഹാർഡ് ബ്രഷുകൾ കൊണ്ട് പല്ലുകൾ തേക്കുന്നത് പല്ലിലെ ഇനാമൽ നശിച്ചുപോകാൻ കാരണമാക്കുന്നു. പല്ലിന്റെ തേയ്മാനം പുളിപ്പിലേക്കും പിന്നീട് അത് വേദനയിലും എത്താം. മൂന്ന് മാസം കഴിയുമ്പോൾ ബ്രഷുകൾ മാറ്റാൻ ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ ഇടവേളകളിൽ സ്നാക്സ് കഴിക്കുന്ന ശീലം ഉള്ളവർ അത് ഒഴിവാക്കണം. ഇത്തരത്തിൽ സ്നാക്സ് കഴിക്കുന്നവർ പലപ്പോഴും അതുകഴിഞ്ഞ് വാ കഴുകാറില്ല . അത് പല്ലുകൾ കേടാകാൻ കാരണമാകുന്നു. ദിവസവും രാത്രി കുടക്കുന്നതിന് മുമ്പ് ബ്രഷ് ചെയ്ത ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് വാ കഴുകുന്നത് ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. സോഡയും ശീതളപാനീയങ്ങളും കുടിക്കുന്നത് പല്ലിന് ദോഷം ചെയ്യും. പഞ്ചസാരയുടെ അളവ് കുറഞ്ഞ ഇത്തരം പാനീയങ്ങളില്‍ സിട്രിക് ആസിഡ് കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇനാമലിനെയും പല്ലിന്റെ കോശങ്ങളെയും നശിപ്പിക്കും. ഇത്തരം കാര്യങ്ങളെല്ലാം പിന്തുടരുന്നതിന് കൂടെ തന്നെ, ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആറു മാസത്തിലൊരിക്കൽ ഒരു ദന്ത ഡോക്ടറെ കണ്ടിരിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തെക്കുറിച്ച് വ്യക്തമായി മനസിലാക്കാൻ സഹായിക്കും.