അപകടക്കെക്കെണിയായ മോശം റോഡുകള്‍ കാരണം പൊറുതിമുട്ടി ഒടുവില്‍ അധികാരികള്‍ക്ക് രക്തംകൊണ്ട് കത്തെഴുതി രാജസ്ഥാനിലെ ചുരു ഗ്രാമത്തിലെ ജനങ്ങള്‍. തങ്ങളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ടാണ് ജനങ്ങൾ കത്ത് എഴുതിയത്. കഴിഞ്ഞ 19 മാസമായി രാജസ്ഥാനിലെ ധീരസര്, ജസാസര്, നകരസര്, രാംദേവ്ര നിവാസികള്‍ തകര്‍ന്ന റോഡുകള്‍ കാരണം ബുദ്ധിമുട്ടിലാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ കാരണം ഗ്രാമത്തിലെ നിരവധിയാളുകള്‍ക്കാണ് അപകടം സംഭവിച്ചിരിക്കുന്നത്.
ഇവിടെ പലപ്പോഴും വഴിയില്‍വെച്ച് രോഗികള്‍ മരിക്കുന്നതും പതിവാണ്. ഗുരുതരാവസ്ഥയിലായ രോഗികളെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സാധിക്കാറില്ല. ധീരാസര്‍ ഗ്രാമത്തില്‍ നിന്ന് ചുരുവിലേക്കുള്ള 35 കി.മീ റോഡാണ് ഒന്നര വര്‍ഷത്തില്‍ അധികമായി തകര്‍ന്നുകിടക്കുന്നത്. 19 മാസം മുമ്പ് ഈ റോഡിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും കരാറുകാരന് പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ നിരവധി തവണ അധികാരികളെ കണ്ടെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. കളക്ടറെ പോയി കണ്ടിട്ടും സ്ഥിതി മാറ്റമില്ലാതെ തുടര്‍ന്നതോടെയാണ് ഗ്രാമീണര്‍ തങ്ങളുടെ ചോര ഉപയോഗിച്ച് കത്തെഴുതാന്‍ തീരുമാനിച്ചത്. ഇനിയും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വലിയ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും ഗ്രാമവാസികള്‍ അറിയിച്ചു.
STORY HIGHLIGHT: rajasthan villagers pen letter in blood demand road repairs