കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി (കെ. എഫ്. ഒ. ജി) കൊച്ചി ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുമായി (സി. ഒ. ജി. എസ്) ചേർന്ന് സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ഒബ്സ്റ്റെട്രിക്സ് കോൺക്ലേവ്, “ജെസ്റ്റിക്കോൺ 2024” നവംബർ 23, 24 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കും.
ഗൈനക്കോളജി വിദഗ്ദരുടെ അന്താരാഷ്ട്ര സംഘടനയായ ഫിഗോയുടെ ട്രഷറർ ഡോ. ശാന്തകുമാരി കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. “ഓരോ ജനനത്തിലും മികവ്, ഓരോ ഘട്ടത്തിലും പുതുമ” എന്നതാണ് ജെസ്റ്റികോൺ 2024 ൻ്റെ പ്രമേയം.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ഒബ്സ്റ്റെട്രീഷ്യൻമാർ, ഗൈനക്കോളജിസ്റ്റുകൾ, ആരോഗ്യവിദഗ്ദ്ധർ എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ, അവതരണങ്ങൾ, വർക്‌ഷോപ്പുകൾ എന്നിവ രണ്ട് ദിവസത്തെ സമ്മേളനത്തിൻ്റെ ഭാഗമാണ്.
അന്താരാഷ്ട്ര തലത്തിൽ സിസേറിയൻ ശസ്ത്രക്രിയക്ക് മാർഗ്ഗനിർദേശങ്ങൾ രൂപീകരിച്ച ഡോ. മൈക്ക് റോബ്സൺ (അയർലൻഡ്), സിസേറിയൻ ഓപ്പറേഷൻ്റെ നിരക്ക് കുറക്കുന്നത് ചർച്ച ചെയ്യുന്ന പ്രത്യേക ശിൽപശാലയും സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
ലണ്ടനിൽ നിന്നുള്ള ഡോ. ജ്യോത്സ്ന പുന്ദിർ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും. കെഎംസി, ഐസിഒജി ക്രെഡിറ്റ് പോയിന്റുകൾ നേടാനുള്ള അവസരങ്ങളും കോൺക്ലേവിലുണ്ട്.
കേരളത്തിനകത്തും പുറത്തുനിന്നുമായി 700 ഓളം പ്രസവ ചികിത്സാ വിദഗ്ദ്ധർ ശിൽപശാലകളിലും തുടർ പരിപാടികളിലും പങ്കെടുക്കുമെന്ന് കെ എഫ് ഒ ജി പ്രസിഡൻ്റും സംഘാടകസമിതി ചെയർമാനുമായ ഡോ. കെ. യു. കുഞ്ഞുമൊയ്തീൻ (കോഴിക്കോട്), സംഘാടക സമിതി സെക്രട്ടറിമാരായ ഡോ. സുഭാഷ് മല്ല്യ (കോഴിക്കോട്) , ഡോ. ഫെസി ലൂയിസ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് kfogoffice@gmail.com എന്നീ ഇമെയിൽ വിലാസത്തിലോ 8129019939, 8919819391 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.