വില്ലനായും സഹനടനായും ഒക്കെ നിരവിധ മലയാള സിനിമകളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു മേഘനാഥന്. വില്ലന്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ക്യാരക്ടര്‍ റോളുകളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. കരിയറിലെ വലിയൊരു വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രമായിരുന്നു നിവിന്‍ പോളി ചിത്രമായ ‘ആക്ഷന്‍ ഹീറോ ബിജു’വിലെ രാജേന്ദ്രന്. സ്വന്തം ഭാര്യ കളവ് ചെയ്തത് കണ്ടുപിടിച്ച് അവരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ ഹൃദയം തകര്‍ന്ന് മക്കളെ കെട്ടിപിടിച്ചു കരയുന്ന മേഘനാഥന് കഥാപാത്രത്തെ ആരും മറക്കാനിടയില്ല.
വളരെ ചെറിയ നേരത്തേക്ക് ആണെങ്കില്‍ കൂടി രാജേന്ദ്രന് പ്രേക്ഷക മനസില്‍ മായാതെ നിന്നു. അവിടുന്നങ്ങോട്ട് പുതിയൊരു പാതയിലേക്ക് മേഘനാഥന് തിരിയുകയായിരുന്നു. നടന് മേഘനാഥനെകുറിച്ച് നടി സീമ ജി. നായര്‍ സോഷ്യല്‍ മീഡിയില്‍ കുറിച്ചിരിക്കുകയാണ്. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥനെന്ന് സീമ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും സീമ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സീമ ജി. നായരുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
ആദരാഞ്ജലികള്‍. ഏറ്റവും പ്രിയപ്പെട്ട മേഘനാഥന് വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാര്‍ത്ത കേട്ടാണ് ഉറക്കമുണര്‍ന്നത്. വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇന്നലെ ലൊക്കേഷനില്‍നിന്ന് വരുമ്പോള്‍ വണ്ടി ഓടിച്ച ബീഫ്ളിനുമായി മേഘന്റെ കാര്യം സംസാരിച്ചിരുന്നു. മേഘന്റെ കൂടെ വര്‍ക്ക് ചെയ്തകാര്യവും മറ്റും… അത്രക്കും പാവമായിരുന്നു. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യന്. സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ്. എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല.
ഇന്നിപ്പോള്‍ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂര്‍ അല്ലെ ഷൂട്ട്, അവിടെ അടുത്താണ് വീടെന്ന്. എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി. കാന്‍സര്‍ ആണെന്ന് അറിഞ്ഞിരുന്നു. അത് സ്ഥിരീകരിക്കാന്‍ അങ്ങോട്ടൊന്നു വിളിക്കാന്‍ മടിയായിരുന്നു. കുറച്ചു നാള്‍ക്കു മുന്നേ എന്നെ വിളിച്ചിരുന്നു. ഏതോ അത്യാവശ്യമായി നിന്നപ്പോള്‍ ആണ് ആ വിളി വന്നത്. ശരിക്കൊന്നു സംസാരിക്കാന്‍ പറ്റിയില്ല. ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ. ഈശ്വര എന്താണ് എഴുതേണ്ടത്. എന്താണ് പറയേണ്ടത്. ഇങ്ങനെയാണ് സീമ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
മാസങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ‘സമാധാന പുസ്തകം’ എന്ന ചിത്രത്തിലാണ് മേഘനാഥന് അവസാനമായി അഭിനയിച്ചത്. ആരോഗ്യവാനായിരുന്ന അദ്ദേഹം പെട്ടെന്നാണ് അസുഖബാധിതനായത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. മരണം സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകവും സഹതാരങ്ങളും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും ബന്ധുമിത്രാദികളുമെല്ലാം.
സംസ്കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ വെച്ചാണ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. അന്തരിച്ച പ്രശസ്ത നടന് ബാലന് കെ നായരുടെ അഞ്ചുമക്കളില്‍ ഒരാളാണ് മേഘനാഥന്. ജൂണിലായിരുന്നു ഇദ്ദേഹത്തിന്റെ അനുജന് അജയകുമാര്‍ അന്തരിച്ചത്. പിന്നാലെയാണ് മാസങ്ങള്‍ക്കിപ്പുറം മേഘനാഥന്റെയും മരണവാര്‍ത്ത എത്തിയത്.