ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ 3 വിദ്യാര്‍ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച അമ്മു എ.സജീവിന്റെ മൂന്ന് സഹപാഠികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കും.
നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്തുപൊയ്കയില്‍ ശിവം വീട്ടില്‍ സജീവിന്റെയും രാധാമണിയുടെയും മകള്‍ അമ്മു എ.സജീവ് (22) നവംബര്‍ 15നാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു നിന്നു ചാടി ആത്മഹത്യ ചെയ്തത്. ആശുപത്രിയിലെത്തിച്ചപ്പോളേക്കും മരിച്ചു. സഹപാഠികള്‍ മാനസികമായി പീഡിപ്പിക്കുന്ന വിവരം അറിയിച്ചിട്ടും കോളജ് അധികൃതര്‍ ഗൗരവത്തോടെ ഇടപെട്ടില്ലെന്നു കുടുംബം ആരോപിച്ചിരുന്നു. മരണത്തില്‍ കോളജ് അധികൃതരുടെ വിശദീകരണത്തില്‍ പൊരുത്തക്കേടുകളെന്നും ആരോപണം ഉയര്‍ന്നിരുന്നു.
അമ്മു കെട്ടിടത്തില്‍ നിന്നു ചാടിയെന്ന് നാലരയോടെ വിദ്യാര്‍ഥിനികള്‍ ക്ലാസ് ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളജില്‍നിന്നു പറഞ്ഞതെന്ന് കുടുംബം പറയുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അമ്മുവിനെ എത്തിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത് 5.15ന് ആണ്. 2.6 കിലോമീറ്റര്‍ ദൂരമാണ് ജനറല്‍ ആശുപത്രി വരെയുള്ളത്. എന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ അരമണിക്കൂറിലധികം എടുത്തുവെന്നത് ദുരൂഹമാണ്. ഒരു മണിക്കൂര്‍ 37 മിനിറ്റ് ആശുപത്രിയില്‍ കിടത്തിയെന്നാണ് പറയുന്നത്. സൗകര്യങ്ങളില്ലാത്തതിനാല്‍ 108 ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിച്ചെന്നും പറയുന്നു.