ഈ തിരഞ്ഞെടുപ്പില്‍ പാലക്കാടുനിന്ന് ഒരു എംഎല്‍എ നിയമസഭയിലേക്ക് പോകുമെങ്കില്‍ അത് രാഹുല്‍ മാങ്കൂട്ടത്തിലാകുമെന്ന് ഷാഫി പറമ്പില്‍. ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും. 12,000- 15,000 വരെ ഭൂരിപക്ഷം ലഭിക്കുമെന്ന് ഷാഫി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞത്. അന്തിമ കണക്കുകള്‍ ലഭിക്കാത്തതിനാലാണ് പ്രതികരണം വൈകിയതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് ശക്തികേന്ദ്രത്തില്‍ വോട്ട് കുറഞ്ഞില്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. ”2021നെ അപേക്ഷിച്ചു നോക്കുമ്പോള്‍ പോളിംഗ് ശതമാനത്തില്‍ വ്യത്യാസം വന്നിട്ടുണ്ട്. അത് പക്ഷേ ഇപ്പോള്‍ പ്രചരിക്കുന്നതു പോലെ ബിജെപിക്ക് സ്വാധീനമുള്ള നഗരത്തില്‍ കൂടുകയും പഞ്ചായത്തുകളില്‍ കുറയുകയും ചെയ്യുന്ന രീതിയല്ല. ഒരുവിധ സ്ഥലങ്ങളിലൊക്കെ കുറവ് ഉണ്ടായിട്ടുണ്ട്. ചിലയിടത്ത് കൂടിയിട്ടുമുണ്ട്. നഗരത്തിലാണ് വോട്ട് കൂടുതലായി കുറഞ്ഞത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ വോട്ട് കുറഞ്ഞിട്ടുണ്ട്.’ ഷാഫി പറമ്പില്‍ പറഞ്ഞു.
ബിജെപിക്ക് ഏറ്റവും അധികം വോട്ട് പിരായിരിയില്‍ ലഭിച്ചെന്ന് അവര്‍ പറയുന്ന 2021ലെ തിരഞ്ഞെടുപ്പില്‍ 26,015 വോട്ടാണ് പോള്‍ ചെയ്തത്. 25,000 വോട്ടാണ് ലോക്സഭയില്‍ പോള്‍ ചെയ്തത്. 26,200 വോട്ടുകളാണ് ഈ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. യുഡിഎഫ് ശക്തികേന്ദ്രമെന്ന് പറയുന്ന സ്ഥലത്ത് ഈ മൂന്നു തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ ചെയ്തത് ഈ തിരഞ്ഞെടുപ്പിലാണ്.
ഇനി അവരുടെ ശക്തികേന്ദ്രമെന്ന് പറയുന്ന വെസ്റ്റില്‍ 16,223 വോട്ട് അന്നവര്‍ക്ക് ലഭിച്ചു. ഇപ്രാവശ്യം പോള്‍ ചെയ്തത് 15,930 വോട്ടാണ്. കല്പാത്തിയിലെ ഒരു ബൂത്തില്‍ 72 ബിജെപിക്കാര്‍ വോട്ട് ചെയ്തില്ല. മറ്റു രണ്ടു തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ ബിജെപിക്ക് ആശ്വസിക്കാനുള്ള ഒരു കണക്കും ഈ തിരഞ്ഞെടുപ്പിലെ പോളിങ്ങുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ ബാലറ്റ് ആക്കൗണ്ടില്‍ ഇല്ല എന്ന് പാലക്കാട്ടെ പൊതുജനങ്ങളുടെ മുന്‍പാകെ അറിയിക്കുന്നു.ഷാഫി പറമ്പില്‍ പറഞ്ഞു.