ഇടുക്കിയില്‍ വെള്ളം എന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവ് മരിച്ചു. ചുരക്കുളം അപ്പര്‍ ഡിവിഷനില്‍ കല്ലുവേലി പറമ്പില്‍ ജോബിനാണ് (40) മരിച്ചത്. ഒപ്പം കുടിച്ച പ്രഭു (40) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ (21) പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുപ്പൂരില്‍ വച്ചു മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച അയല്‍വാസിയായ പ്രതാപിന്റെ മൃതദേഹം അവിടെ നിന്നു വണ്ടിപ്പെരിയാറിലേക്കു കൊണ്ടു വരുന്നതിനിടെയാണ് സംഭവം.
പുലര്‍ച്ചെ ഒന്നിനു മൃതദേഹം വഹിച്ച ആംബുലന്‍സ് കുമളിയില്‍ എത്തി. വാഹനം ഇവിടെ നിര്‍ത്തിയ ശേഷം ഒപ്പം ഉണ്ടായിരുന്ന രണ്ടു പേര് ചായ കുടിക്കാനിറങ്ങി. ഈ സമയം ജോബിനും, പ്രഭുവും കൈവശം ഉണ്ടായിരുന്ന മദ്യം ആംബുലന്‍സില്‍ സൂക്ഷിച്ച വെള്ളം ചേര്‍ത്ത് കഴിച്ചു. പിന്നാലെ ഇവര്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് മദ്യത്തിന് ഒപ്പം ഉപയോഗിച്ചത് ബാറ്ററി വെള്ളമെന്നു മനസ്സിലായത്. ഇരുവരെയും ഉടന്‍ തന്നെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോബിന് മരിച്ചു.
ബാറ്ററി വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങളും ആസിഡും രക്തത്തില്‍ കലര്‍ന്ന് ഓക്സിജന്റെ അളവ് കുറഞ്ഞ് ശ്വാസതടസ്സം സംഭവിക്കുകയോ അല്ലെങ്കില്‍ ഹൃദയ സംബന്ധമായി പ്രശ്നങ്ങള്‍ കാരണമോയാണ് മരണം സംഭവിക്കുന്നതെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറഞ്ഞു. കൂടാതെ ബാറ്ററി വെള്ളം കുടിക്കുമ്പോള്‍ വായ മുതല്‍ വയറു വരെ ദ്രവിക്കുകയും അന്നനാളം പൊട്ടി വയറ്റില്‍ ബ്ലീഡിങ്ങുണ്ടായും മരണം സംഭവിക്കാം.