Kerala

അമ്മു അവസാനമായി മാതാപിതാക്കളോട് പറഞ്ഞതിങ്ങനെ…

പഠനം പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്‌സിങ്ങിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനി അമ്മു എ.സജീവ് കെട്ടിടത്തിനു മുകളില്‍നിന്ന് വീണു മരിച്ചത്. എന്‍ജിനീയറിങ് കോളജില്‍ മെറിറ്റില്‍ പഠിക്കാന്‍ അവസരം കിട്ടിയിട്ടും സ്വന്തം താല്‍പര്യപ്രകാരമാണ് അമ്മു നഴ്‌സിങ്ങിനു ചേര്‍ന്നത്. അതും മെറിറ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് സൂപ്രണ്ടായി വിരമിച്ച അമ്മയുടെ പാത പിന്തുടരുകയായിരുന്നു അമ്മു. വീടിന്റെ ടെറസില്‍ കയറാന്‍പോലും പേടിയുള്ള അമ്മു ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണെന്ന് കോളജുകാര്‍ അറിയിച്ചപ്പോള്‍ തന്നെ വീട്ടുകാര്‍ക്ക് പലവിധ സംശയങ്ങളുണ്ടായിരുന്നു.

”തുടരെ വാര്‍ഡനെ വിളിച്ചു. മോളോട് സംസാരിക്കണമെന്നു പറഞ്ഞു. അരമണിക്കൂറിനു ശേഷമാണ് ഫോണ്‍ കൊടുത്തത്. അമ്മേ എനിക്ക് വേദനിക്കുന്നു, അച്ഛാ എനിക്കു വേദനിക്കുന്നു എന്നാണ് അമ്മു അവസാനം പറഞ്ഞത്. ആരോ ഫോണ്‍ പിടിച്ചു വാങ്ങും പോലെ തോന്നി”- മരണത്തില്‍ ദുരൂഹതയ്ക്ക് കാരണമായി അമ്മുവിന്റെ ബന്ധുക്കള്‍ പറയുന്നതിങ്ങനെ.

ഗുരുതര പരുക്കുകളുണ്ടായിട്ടും മണിക്കൂറുകള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആവശ്യമായ ചികിത്സ നില്‍കാതെ അമ്മുവിനെ കിടത്തിയതെന്തിനെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. ബന്ധുക്കള്‍ എത്തിയിട്ട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയാല്‍ മതിയെന്ന് കൂടെ വന്നവര്‍ നിര്‍ബന്ധം പിടിച്ചതിലും അവര്‍ സംശയം ഉന്നയിക്കുന്നു.

ബന്ധുക്കളുടെ സംശയങ്ങള്‍: 71 കിലോമീറ്റര്‍ ദൂരമുള്ള കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകാതെ ആരുടെ നിര്‍ദേശപ്രകാരമാണ് 102 കിലോമീറ്റര്‍ ദൂരത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടു വന്നത്?, ഓക്‌സിജന്‍ മാസ്‌കുപോലും ഇല്ലാത്ത ആംബുലന്‍സിലാണ് മൂന്നു നിലയുടെ മുകളില്‍ നിന്നു വീണ കുട്ടിയെ കൊണ്ടു വന്നത്.

വരുന്ന വഴി എല്ലാവിധ സൗകര്യങ്ങളുമുള്ള ആശുപത്രികള്‍ ഉണ്ടായിട്ടും അവിടെ ഒരിടത്തും കയറ്റിയില്ല. ഐസിയു സംവിധാനമുള്ള ആംബുലന്‍സില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനുള്ള സൗകര്യം ഒരുക്കാത്തതെന്ത്? ജനറല്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അമ്മുവിന്റെ സ്ഥിതി കണ്ടുനിന്നവര്‍ പോലും പെട്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടും കൂടെ വന്നവര്‍ അതും ചെവിക്കൊണ്ടില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.