പയ്യന്നൂര്‍ കരിവള്ളൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് രാജേഷ് പിടിയില്‍. സംഭവ ശേഷം ഒളിവില്‍ പോയ രാജേഷിനെ പുതിയ തെരുവില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ബാറില്‍ നിന്നുമാണ് പൊലീസ് ഇയാളെ പിടികൂടിയത്.
കരിവള്ളൂര്‍ പലിയേരി ദിവ്യശ്രീയാണ് മരിച്ചത്. കാസര്‍ക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛന് വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു. ഇന്ന് വൈകീട്ടോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. ആസൂത്രിത കൊലപാതകമാണ് അരങ്ങേറിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.