മല്ലു ഹിന്ദു എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ പൊലീസിന്റെ പ്രാഥമിക അന്വേഷണം. നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ക്കാണ് വിവാദം അന്വേഷിക്കാനുള്ള ചുമതല. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് അന്വേഷണം. ഗോപാലകൃഷ്ണന്റെ പരാതിയില്‍ നേരെത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ സസ്‌പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് ഇന്നലെ നിയമോപദേശം ലഭിച്ചിരുന്നു. സിറ്റി പൊലിസ് കമ്മീഷണര്‍ക്കാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയത്. മതപരമായ വിഭാഗീയത ഉണ്ടാക്കാന്‍ ഗ്രൂപ്പ് തുടങ്ങിയതില്‍ കേസെടുക്കാമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നത്. എന്നാല്‍ രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമാണ് പൊലീസ് നിലപാട്. അതിനാല്‍ തന്നെ വീണ്ടും നിയമോപദേശം തേടുമെന്നും പൊലീസ് പറയുന്നു.
ഐഎഎസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ചുണ്ടാക്കിയ വാട്‌സാപ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകര്‍ക്കാനും മതസ്പര്‍ധ വളര്‍ത്താനും വഴിയൊരുക്കുന്നതാണെന്നാണ് ജില്ലാ ഗവ.പ്ലീഡര്‍ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടിയത്. ഫോണ്‍ ഹാക്ക് ചെയ്തവരാണു ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചു. കേട്ടുകേള്‍വിയില്ലാത്ത വിധത്തിലായിരുന്നു ഗോപാലകൃഷ്ണന്‍ അഡ്മിനായുള്ള ഗ്രൂപ്പ് ഉണ്ടാക്കിയത്. സര്‍വ്വീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ഗ്രൂപ്പ്.