ഒരു നാട്ടിലെ ജനങ്ങള്‍ സന്തുഷ്ടരും സംതൃപ്തരുമാണെങ്കില്‍, ആ നാട്ടിലെ ഭരണാധികാരി നല്ല ആളാണെന്നാണ് വെയ്പ്പ്. അങ്ങനെയെങ്കില്‍ കേരളത്തിലെ ഭരണാധികാരിയായ പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ജനങ്ങള്‍ എത്ര മാര്‍ക്കിടും. ‘തമ്മില്‍ ഭേദം തൊമ്മന്’ എന്ന സങ്കല്പത്തിലാണ് ജനം ഇടതുപക്ഷ സര്‍ക്കാരിനെ രണ്ടാമതും അധികാരത്തിലെത്തിച്ചത്. എന്നാല്‍, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അനുഭവിച്ചതിനേക്കാള്‍ ദുരിതമാണ് രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് അനുഭവിക്കേണ്ടി വരുന്നത്. ജനങ്ങള്‍ക്ക് ക്ഷേമവും ജീവിത ചെലവും കുറയ്ക്കാന്‍ ബാധ്യസ്തരായ ജനപ്രതിനിധികള്‍ ജനങ്ങളെ വിലക്കയറ്റത്തിന്റെയും പിഴിയലിന്റെയും വേദനയാണ് അനുഭവിപ്പിക്കുന്നത്.
സമസ്ത മേഖലയിലും ഇത് അനുഭവിക്കുന്നുണ്ട്. ഇതിന്റെ കൂടെയാണ് ദുരന്തങ്ങള്‍ ഒന്നിടവിട്ട് ഇടതടവില്ലാതെ വരുന്നത്. ഓഖിയും, പ്രളയവും, കോവിഡും, നിപ്പയും, വെടിക്കെട്ടപകടവും, ഉരുള്‍ പൊട്ടലുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇപ്പോഴിതാ സെക്രട്ടേറിയറ്റില്‍ വരെ ദുരന്തങ്ങള്‍ ഉണ്ടാകുന്നു. പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്തെ ക്ലോസെറ്റ് പൊട്ടിവീഴുന്നതു വരെ ദുരന്തങ്ങളുടെ പട്ടികയില്‍ പെടും. ആളപായം ഉണ്ടായില്ലെങ്കിലും ഗുരുതരമായ പരിക്കാണ് ദുരന്ത ബാധിതയ്ക്ക് ഉണ്ടായിരിക്കുന്നത്. അതായത്, ചൂരല്‍ മലയിലും, പുറ്റിങ്ങലിലും, തീര ദേശത്തും മാത്രമല്ല ദുരന്തങ്ങളെ പ്രതീക്ഷിക്കേണ്ടത്, ഭരണസിരാ കേന്ദ്രം പോലും അതിന്റെ പരിധിയില്പ്പെടുമെന്നര്ത്ഥം.
ജീവനക്കാരെല്ലാം സൂക്ഷിക്കണം. സെക്രട്ടേറിയറ്റിന്റെ സീലിംഗ് പൊട്ടി ട്യൂബ് ലൈറ്റ് വീണ് ഒരു അഡിഷണല്‍ സെക്രട്ടറിക്ക് പരിക്കേറ്റത് കഴിഞ്ഞ മാസമാണ്. സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യമന്ത്രിയുടെ ഓഫീസിനു തൊട്ടടുത്ത് എത്തിയപ്പോഴായിരുന്നു അന്ന് ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായി അളമാരയും ഫയലുകളുമെല്ലാം കത്തിപ്പോയത്. സമാന സംഭവം തുടരെ തുടരെ സംഭവിച്ചിട്ടുണ്ട്. ഇതിനെല്ലാം ഒടുവിലാണ് ഒരു ജീവനക്കാരിക്ക് ക്ലോസെറ്റ് ദുരന്തചത്തില് പരിക്കു പറ്റുന്നത്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയും, കൃത്യ നിര്‍വഹണത്തിലെ പിഴവുമാണെന്ന് വ്യക്തം. സ്വന്തം ഇരിപ്പിടം പോലും സുരക്ഷിതമല്ലാത്ത ഇടമാണ് സെക്രട്ടേറിയറ്റെന്ന് ഓരോ ജീവനക്കാര്‍ക്കും ബോധ്യമായി തുടങ്ങിയിട്ടുണ്ട്.
കാരണം, ടോയ്ലെറ്റും, ഓഫീസ് റൂമുകളും ഒന്നും സുരക്ഷിതമല്ല. എപ്പോള്‍ വേണമെങ്കിലും പൊട്ടി വീഴാം. ഇതേ സ്ഥിതിയാണ് മന്ത്രിമാരുടെയും ഓഫീസുകള്‍. യാതൊരു ഗ്യാരണ്ടിയുമില്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഇന്നലെയാണ് അപകടം ഉണ്ടായത്. ഉച്ചക്ക് 12 മണിയോടെ സെക്രട്ടേറിയറ്റ് അനക്സ് വണ്ണിലെ ഒന്നാം നിലയിലെ ശുചിമുറിയിലെ ക്ലോസെറ്റിന്റെ ഒരു ഭാഗം പൊട്ടിപ്പൊളിഞ്ഞ് ഉദ്യോഗസ്ഥ നിലത്തു വീഴുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റു. ഒമ്പത് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. ആഴത്തില്‍ മുറിവുണ്ടായിരുന്നുവെന്നും, ആസുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ രക്തത്തില്‍ കുളിച്ചിരുന്നുവെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.
സെക്രട്ടേറിയറ്റിലെ പല ടോയ്ലറ്റുകളും കാലപ്പഴക്കം വന്ന് അപകടാവസ്ഥയിലാണെന്നാണ് വിവരം. പുതുക്കി പണിയണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരിക്കേറ്റത്. ഈ സംഭവം സര്‍ക്കാരിനെ സംബന്ധിച്ച് വളരെ ചെറിയ അപകടമാണ്. ഒരു വ്യക്തിക്ക് സംഭവിച്ച പ്രസ്നമായി ലഘൂകരിച്ചു കാണാം. പക്ഷെ, ഇതാണ് കേരളത്തിന്റെ യഥാര്‍ഥ ചിത്രം. ഒരു ക്ലോസെറ്റ് പോലും ഭരണസിരാ കേന്ദ്രത്തില്‍ മാറ്റിയിടാന്‍ കഴിയവില്ലാത്ത സര്‍ക്കാര്‍ എങ്ങനെയാണ് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. പിണറായി സര്‍ക്കാര്‍ അത്ര ഗതികേടിലാണോ എന്നും ചോദിക്കുന്നുണ്ട്.
സാമ്പത്തിക ഞെരുക്കം ഉണ്ടായിരകുന്നിട്ടും, മന്ത്രി മന്ദിരങ്ങള്‍ നവീകരിക്കാന്‍ കാട്ടുന്ന ഉത്സാഹം എന്തേ സെക്രട്ടേറിയറ്റിന്റെ അറ്റകുറ്റ പണികള്‍ നടത്താന്‍ കാണിക്കുന്നില്ല. ജീവനക്കാരുടെ ക്ഷാമബത്തയും, ഡി.എയും അടക്കമുള്ള ആനുകൂല്യങ്ങളെല്ലാം തടഞ്ഞു വെച്ച് ദ്രോഹിക്കുമ്പോഴും നിശബ്ദം സര്‍ക്കാരിനു വേണ്ടി ജോലിയെടുക്കുന്നവരെ ഇങ്ങനെ ശിക്ഷിക്കരുത്. ജീവനക്കാര്‍ സെക്രട്ടേറിയറ്റിന്റെ ഇടനാഴികളും, ടോയ്ലെറ്റുകളും ഭയപ്പെട്ടു തുടങ്ങിയിട്ട് കാലം കുറേയായി. പല പരാതികളും ഉദ്യോഗസ്ഥ തലങ്ങളിലോ മന്ത്രി തലങ്ങളിലോ ഇല്ലാതാവുകയാണ് പതിവ്. എന്നാല്‍, പരാതികള്‍ മൂടി വെയ്ക്കപ്പെടുമ്പോള്‍, ഇത്തരം സംഭവങ്ങളിലൂടെ അത് പുറത്തേക്ക് വരുമെന്നുറപ്പാണ്.
നടന് ജയസൂര്യയുടെ പേരില്‍ ഒരു നടി ആരോപണം ഉന്നയിച്ചത്, ഇതേ സെക്രട്ടേറിയറ്റിലെ ടോയ്ലെറ്റിന്റെ പശ്ചാത്തലത്തിലാണ്. ചോയ്ലെറ്റില് പോയിട്ട് വരുമ്പോള്‍ തന്നെ കടന്നു പിടിച്ച് ചുംബിച്ചുവെന്നാണ് നടി പറഞ്ഞത്. നോക്കൂ ഇങ്ങനെ സുരക്ഷിതമല്ലാത്ത ടോയ്ലെറ്റുകളുടെ കഥയാണ് സെക്രട്ടേറിയറ്റില്‍ നിന്നും പുറത്തു വരുന്നതെങ്കില്‍, അത് ഭരിക്കുന്നവരുടെ അനാസ്ഥയാണെന്ന് പറയേണ്ടി വരും. സുര്‍ക്കിയും ചുണ്ണാമ്പും ഉഫയോഗിച്ച് ബ്രിട്ടീശുകാര്‍ പണിതതാണ് സെക്രട്ടേറിയറ്റ് മന്ദിരം. അതില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് കാലങ്ങള്‍ പഴക്കം കൊണ്ടാണെന്ന് പറയാം. എന്നാല്‍, സെക്രട്ടേറിയറ്റ് അനക്സ് ജനാധിപത്യ സര്‍ക്കാര്‍ നിര്‍മ്മിച്ചതാണ്.
അതിനുണ്ടാകുന്ന കേടുപാടുകളും ദുരന്തങ്ങളുമെല്ലാം ജനകീയ സര്‍ക്കാരിന്റെ നെഞ്ചത്തു തന്നെ റീത്തായി വെയ്ക്കണം. ബ്രിട്ടീഷ് നിര്‍മ്മിതിയും ജനകീയ സര്‍ക്കാര്‍ നിര്‍മ്മിതിയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ഈ ഒരു ഉദാഹരണം കൊണ്ട് മനസ്സിലാക്കാനാകും. എന്നാല്‍, സെക്രട്ടേറിയറ്റിലെ സിസിടിവി അറ്റക്കുറ്റ പണിക്ക് 29.50 ലക്ഷം രൂപ ധനമന്ത്രി ഈ അടുക്ക സമയത്താണ് അനുവദിച്ചത്. സെക്രട്ടേറിയറ്റിലെ പ്രധാന കെട്ടിടത്തിന്റെയും അനക്സ് – 1 ലേയും സിസിറ്റിവി സംവിധാനത്തിന്റെ വാര്‍ഷിക അറ്റകുറ്റ പണിക്കാണ് പണം നല്‍കിയത്. സ്വര്‍ണ്ണ കടത്ത് വിവാദം പൊട്ടി പുറപ്പെട്ട കാലത്ത് സെക്രട്ടറിയേറ്റിന്റെ സിസിറ്റിവിക്ക് തകരാര്‍ സംഭവിച്ചത് വിവാദമായിരുന്നു.
സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കുള്ള സന്ദര്‍ശനം പുറത്ത് വരാതിരിക്കാനാണ് സിസിറ്റിവി തകരാറിലാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു ഇതിന് ശേഷമാണ് 1.9 കോടി രൂപ ചെലവില്‍ സെക്രട്ടേറിയറ്റ് അനക്സ് ബ്ലോക്കിന് സുരക്ഷയൊരുക്കാന്‍ 100 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. അകലത്തിലുള്ള കാഴ്ചകള്‍ പോലും വ്യക്തതയോടെ നിരീക്ഷിക്കാന്‍ സാധിക്കുന്ന രണ്ട് 30എക്സ് ക്യാമറകളും 22 ബുള്ളറ്റ് ക്യാമറകളും ഉള്‍പ്പെടെ ഉള്ളവയാണ് സ്ഥാപിച്ചത്. രണ്ട് പ്രധാന കവാടങ്ങള്‍ ഉള്‍പ്പെടെ കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും ക്യാമറയുടെ പരിധിയില്‍ വരുന്ന രീതിയിലാണ് സിസിടിവികള്‍ ക്രമീകരിച്ചിരിക്കുന്നത്. അനക്സ് ബ്ലോക്കിലെ എല്ലാ ഓഫിസുകളുടെയും പുറം ഭാഗത്തെ കാഴ്ചകള്‍ സിസിടിവി വഴി നിരീക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.
ഇങ്ങനെ കടുത്ത നിരീക്ഷണം നടത്തുമ്പോഴും പഴകിപ്പൊളിഞ്ഞ ക്ലോസെറ്റുകളും, പൊട്ടിയടര്‍ന്ന സീലിംങുകളുമാണ് സെക്രട്ടേറിയറ്റിന്റെ ഉള്ളിലുള്ളതെന്ന് ആരും മറക്കരുത്. ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണെന്ന് പറയുന്ന മുഖ്യമന്ത്രി മനസ്സിലാക്കേണ്ട കാര്യം ഇതാണ്. ഓരോ ഫയലുകളും നോക്കി പരിഹരിക്കാന്‍ ഇരിക്കുന്ന ഓരോ ജീവനക്കാരും ജീവനുള്ള മനുഷ്യരാണ്. അവര്‍ക്ക് സുരക്ഷിതമായ ഓഫീസും പരിസരവും ഒരുക്കേണ്ടതുണ്ട്. ആ ഓഫീസില്‍ വരുന്ന സാധാരണ മനുഷ്യര്‍ക്കും സുരക്ഷ ഒരുക്കേണ്ടതുണ്ട്. അല്ലാതെ സ്വന്തം സുരക്ഷയാണ് വലുതെന്ന് ചിന്തിക്കുന്നവരല്ല ജനങ്ങളുടെ രക്ഷിതാക്കള്‍. പതിനാറായിരം വണ്ടിയും, ഇസഡ് കാറ്റഗറി സുരക്ഷയും ഒരുക്കി നടക്കുമ്പോള്‍ ജനങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത്.
സെക്രട്ടേറിയറ്റിന്റെ ഉള്‍വശങ്ങള്‍ പൊട്ടിയും പൊളിഞ്ഞും പോകുമ്പോള്‍ മന്ത്രിമന്ദിരങ്ങള്‍ മോഡി പിടിപ്പിക്കാന്‍ ചെലവിടുന്നത് കോടികളാണെന്ന് മറക്കാനാവുമോ. മന്ത്രി ഒ.ആര്. കേളുവിന്റെ ഔദ്യോഗിക വസതിയായ എസെന്റെയ്ന് ബംഗ്ലാവിന്റെ നവീകരണത്തിനും സുരക്ഷാ സംവിധാനം വര്‍ദ്ധിപ്പിക്കുന്നതിനും 86.1 ലക്ഷത്തിന്റെ നിര്മ്മാണനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഈമാസം 14ന് പണം അനുവദിച്ച് ഉത്തരവും പുറത്തിറങ്ങി. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ നല്കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് നവീകരണ തുക നിശ്ചയിച്ചിരിക്കുന്നത്.
ഫര്‍ണിഷറുകള്‍ ആഞ്ഞിലിയും സെക്കന്റ് ക്ലാസ് തേക്കും ഉപയോഗിക്കണമെന്നും ഇക്കാര്യം ഉപയോഗത്തിന് മുമ്പ് പരിശോധിച്ചുറപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പെയിന്റിങിന്റെ കാര്യത്തിലും ഗുണമേന്മ ഉറപ്പാക്കണമെന്നും കൂട്ടിച്ചേര്‍ത്താണ് കെ. ബിജു ഐഎഎസ് ഉത്തരിവിറക്കിയിരിക്കുന്നത്. തീര്‍ന്നില്ല, രാജ്ഭവനിലെ വാട്ടര്‍ ചാര്‍ജ് അടയ്ക്കാന്‍ വേണ്ടി 5 ലക്ഷം അധിക ഫണ്ടും അനുവദിച്ചിട്ടുണ്ട്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് അധിക ഫണ്ട് അനുവദിച്ചത്. സെപ്റ്റംബര്‍ 24 ന് വാട്ടര്‍ ചാര്‍ജ് അടയ്ക്കാന്‍ 5 ലക്ഷം അധിക ഫണ്ട് വേണമെന്ന് രാജ് ഭവന് കത്ത് മുഖേന ആവശ്യപ്പെട്ടിരുന്നു.
പണം നല്കാന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതിന് പിന്നാലെ 5 ലക്ഷം അധിക ഫണ്ട് അനുവദിക്കുകയായിരുന്നു. രാജ്ഭവനില്‍ വാട്ടര്‍ ചാര്‍ജിനായി ഈ സാമ്പത്തിക വര്‍ഷം 10.50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ബജറ്റ് വിഹിതം തീര്‍ന്നതിനെ തുടര്‍ന്നാണ് അധിക ഫണ്ട് അനുവദിച്ചത്. 2022- 23 ല്‍ രാജ്ഭവനില്‍ വാട്ടര്‍ ചാര്‍ജിനായി ചെലവായത് 12,64,171 രൂപയാണ്. ഇങ്ങനെ അദികാരികളെല്ലാം ഖജനാവില്‍ നിന്നും പണം ചെയവഴിച്ച് സുരക്ഷിതരും സുഖിമാന്മാരുമായി ജീവിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരും ജനവും നട്ടം തിരിയുകയാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്.
CONTENT HIGHLIGHTS; During the Pinarayi government, the closet collapsed and it was a tragedy: Is it enough for the government to renovate only the ministerial buildings?; Put aside the closet in the secretariat