ഡിസംബര്‍10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു. നവംബര്‍13, 20തീയതികളില്‍ സംസ്ഥാനത്ത് നടന്ന ലോക്സഭാ,നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞു പോകാന്‍ ഇടയില്ലാത്തതിനാലാണിത്.
തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി ബോധ്യപ്പെടാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സഹായകരമാകുന്നതിന് കൂടിയാണ് ഈ നടപടി. ഈ നിര്‍ദേശം ഡിസംബര്‍10ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ31തദ്ദേശസ്ഥാപന വാര്‍ഡുകളിലേയ്ക്കാണ് ഡിസംബര്‍10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരെയുള്ള മുന്‍കരുതല്‍ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോധ്യമായാല്‍ ഇടതു കൈയ്യിലെ ചൂണ്ടുവിരല്‍ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിച്ച് അതില്‍ മായാത്ത മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതുചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. ആയതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരത്തില്‍ നിര്‍ദേശം പുറപ്പെടുവിച്ചത്.
CONTENT HIGHLIGHTS; Local body by-elections: Inking is done on the voter’s left middle finger