ഇടിച്ച സ്കൂട്ടറിനെയും വലിച്ചിഴച്ച് കാർ പാഞ്ഞത് ഒരു കിലോമീറ്ററോളം ദൂരം. മറ്റ് യാത്രക്കാർ മുന്നറിയിപ്പ് നൽകിയിട്ടും കാർ നിർത്താതെ മുന്നോട്ട് പോയി. ലഖ്നൗവിലെ കിസാൻ ഹൈവേയിലാണ് സംഭവം. അപകടം കണ്ടുനിന്നവർ പകർത്തിയ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇടിച്ച സ്കൂട്ടറുമായി മുന്നോട്ട് പോകുന്നതും റോഡിൽ തീപ്പൊരി പാറുന്നതും വിഡിയോയിൽ കാണാം.
രണ്ട് യുവാക്കളാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. കാറിടിച്ചതിന് തൊട്ടു പിന്നാലെ യുവാക്കൾ റോഡിലേക്ക് തെറിച്ച് വീണു. എന്നാൽ കാർ സ്കൂട്ടറിനെയും വലിച്ചിഴച്ച് മുന്നോട്ട് പോകുകയായിരുന്നു. അപകടത്തിൽ ഐഷ്ബാഗ് സ്വദേശികളായ് അമീർ, റെഹാൻ എന്നിവർക്കാണ് പരുക്കേറ്റത്. തിവാരിഗഞ്ച് സ്വദേശിയായ 70 കാരനായ ചന്ദ്രപ്രകാശ് തിവാരിയാണ് കാർ ഓടിച്ചിരുന്നത്.
റോഡിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ കാർ വേഗതയിൽ മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ചിൻഹട്ടിലേക്ക് പോകുകയായിരുന്നു ചന്ദ്രപ്രകാശ് തിവാരി. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിയായ ഡ്രൈവർ ചന്ദ്രപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
STORY HIGHLIGHT: car drags scooter lucknow