India

മണിപ്പുര്‍ കലാപം; 10,000 സൈനികരെ കൂടി കേന്ദ്രം അയക്കുമെന്ന് സുരക്ഷാ ഉപദേഷ്ടാവ് – indian army ethnic violence hit manipur chief security adviser

വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്രം അയക്കുമെന്ന് മണിപ്പുര്‍ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു. സംസ്ഥാനത്ത് കേന്ദ്രസേനയുടെ മൊത്തം കമ്പനി പട്ടാളങ്ങളുടെ എണ്ണം 288 ആയി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. 90 കമ്പനി പട്ടാളങ്ങളെയാണ് പുതുതായി അയക്കുന്നത്. 10,800 കേന്ദ്ര സേനാംഗങ്ങള്‍ കൂടി എത്തിച്ചേരുന്നതോടെ മണിപ്പൂരില്‍ വിന്യസിച്ചിരിക്കുന്ന കമ്പനികളുടെ എണ്ണം 288 ആവുമെന്ന് മണിപ്പുര്‍ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് ഇംഫാലില്‍ പറഞ്ഞു.

2023 മേയ് മുതല്‍ ഇതുവരെ മണിപ്പുര്‍ കലാപത്തില്‍ 258 പേര്‍ മരിച്ചു. ജനങ്ങളുടെ ജീവനും സ്വത്തും സംരംക്ഷിക്കുന്നതിനും ദുര്‍ബ്ബല പ്രദേശങ്ങളുടെ നിരീക്ഷണത്തിനുമാണ് സേനയെ അയയ്ക്കുന്നത്. എല്ലാ പ്രദേശങ്ങളിലേക്കും നിരീക്ഷണം ദിവസങ്ങള്‍ക്കുള്ളില്‍ വ്യാപിക്കും. എല്ലാ ജില്ലയിലും പുതിയ കോ-ഓര്‍ഡിനേഷന്‍ സെല്ലുകളും ജോയിന്റ് കണ്‍ട്രോള്‍ റൂമുകളും സ്ഥാപിക്കും. കൂടാതെ നിലവില്‍ പ്രവര്‍ത്തിക്കുന്നവയുടെ അവലോകനം നടത്തിയതായും അദ്ദേഹം പറഞ്ഞു.

കൂടാതെ 2023 മെയ് മാസത്തില്‍ മെയ്‌തേയ് സമുദായവും കുക്കി ഗോത്രവര്‍ഗക്കാരും തമ്മിലുള്ള വംശീയ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം പോലീസ് ആയുധപ്പുരകളില്‍ നിന്ന് കൊള്ളയടിച്ച ഏകദേശം 3,000 ആയുധങ്ങള്‍ സുരക്ഷാ സേന ഇതുവരെ കണ്ടെടുത്തിട്ടുണ്ടെന്നും കുല്‍ദീപ് സിംഗ് പറഞ്ഞു.

STORY HIGHLIGHT: indian army ethnic violence hit manipur chief security adviser