Food

കപ്പ കഴിച്ചാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ?

കപ്പ അല്ലെങ്കില്‍ മരിച്ചീനി കിഴങ്ങുകള്‍ അന്നജത്തിന്റെ ഉറവിടമാണ്. പണ്ട് കാലങ്ങളില്‍ മിക്ക വീടുകളിലേയും പ്രധാന ആഹാരം കപ്പയാണ്. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. എന്നാല്‍ പോലും കപ്പ ഉപയോഗിക്കുന്നവര്‍ കുറവുമല്ല. എന്നാല്‍ ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് പലര്‍ക്കും അറിയില്ല. ഒരു ദിവസം ശരീരത്തിനു വേണ്ട കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് 130 മില്ലീഗ്രാമാണ്. അര കപ്പ് കപ്പയില്‍ തന്നെ ഏതാണ്ട് 70 മില്ലീഗ്രാമോളം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്.പെട്ടെന്നു ശരീരം നന്നാകാന്‍ ഇതു സഹായിക്കും.

ഇത് പ്രധാന ഭക്ഷണമായി എടുക്കുക. അതായത് കപ്പ കഴിച്ചാല്‍ പിന്നെ ചോറു വേണ്ട..രാവിലെയോ ഉച്ചയ്ക്കോ ആണ് ഇതു കഴിയ്ക്കാന്‍ പറ്റിയ സമയം. രാത്രിയില്‍ ഇത് തടി വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമാകും. കുട്ടികളിലെ ജനിതക വൈകല്യങ്ങള്‍ പരിഹരിക്കാന്‍ കപ്പയിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും ബി- കോംപ്ലക്‌സ് വൈറ്റമിനും സഹായിക്കും.
ഗര്‍ഭിണികള്‍ ഗര്‍ഭകാലയളവില്‍ കപ്പ കഴിക്കുന്നത് വൈകല്യങ്ങളില്ലാത്ത കുഞ്ഞു പിറക്കാന്‍ നല്ലതാണ്. ഫൈബറുള്ളതിനാല്‍ വയറിന്റെയും കുടലിന്റേയും ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്.കൂടാതെ കപ്പയില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിന്‍ കെ, കാല്‍സ്യം, അയണ്‍ എന്നിവ എല്ലുകളെ ബലപ്പെടുത്തുന്നു. പ്രായം കൂടുമ്പോള്‍ ഉണ്ടാകുന്ന സന്ധിവാദം , തേയ്മാനം എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കപ്പയിലെ സയനൈഡ് സാന്നിധ്യം ‘ചവര്‍പ്പ്’ അഥവാ ‘കട്ട്’ ഉളവാക്കുന്നു. സയനൈഡ് അധികമാകുന്നത് ശാരീരികാസ്വാസ്ഥ്യവുമുണ്ടാക്കും. കപ്പ കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ടു നന്നായി തിളപ്പിച്ച് ആ വെള്ളം വാര്‍ത്ത് കളഞ്ഞാല്‍ ഈ ‘കട്ട്’ മാറിക്കിട്ടും. ‘ഇരുമ്പ്’, ‘കോപ്പര്‍’ എന്നീ ധാതുലവണങ്ങള്‍ നല്ല തോതില്‍ അടങ്ങിയ കപ്പ കഴിക്കുന്നത് രക്തത്തിലെ കോശങ്ങളുടെ നിര്‍മാണത്തിനു വിശേഷപ്പെട്ടതാണ്.

കൊഴുപ്പും ‘കൊളസ്‌ട്രോളും’ ഇല്ലാത്തതിനാല്‍ ഹൃദ്രോഗികള്‍ക്കു ധൈര്യമായി കപ്പ കഴിക്കാം. സോഡിയം കുറവായതുകൊണ്ട് രക്തസമ്മര്‍ദം ഉള്ളവര്‍ക്കു നന്ന്. പൊട്ടാസ്യത്തിന്റെ തോത് പഴങ്ങളിലെപ്പോലെ ഉയര്‍ന്നിരിക്കുന്നതുകൊണ്ട് (92 മി.ഗ്രാം/100ഗ്രാം), രക്തധമനികളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെയും, ഇലക്ട്രോലൈറ്റുകളുടെയുംസന്തുലിതാവസ്ഥയ്ക്കും കപ്പ കാരണമാകുന്നു. മരിച്ചീനിയിലെ നാരുകള്‍ ‘റസിസ്റ്റന്റ് സ്റ്റാര്‍ച്ച്’ എന്ന രൂപത്തിലാണ്. ഇത് കുടലിന്റെ പ്രവര്‍ത്തനത്തിനു സഹായകം. കുടലിന്റെ ആരോഗ്യത്തിനാവശ്യമായ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്കും ഇതു കൊള്ളാം.

മരിച്ചീനിമാവിന്റെ ഏറ്റവും വലിയ ഗുണം, ഇവയില്‍ ‘ഗ്ലൂട്ടന്‍’ ഇല്ല എന്നതാണ്. അതുകൊണ്ടുതന്നെ ആരോഗ്യത്തിനു ഹാനികരമായ മൈദയ്ക്കു പകരം കേക്കിനും, ബിസ്‌കറ്റിനും മറ്റും ഇത് ഉപയോഗിക്കാം. ‘ഗ്ലൂട്ടന്‍’ അടങ്ങിയ ഉല്‍പന്നങ്ങള്‍ ചിലര്‍ക്കു ദഹിക്കാന്‍ ബുദ്ധിമുട്ട്(സീലിയാക് രോഗം) ആണ്. പ്രമേഹരോഗികള്‍ വളരെ മിതമായ തോതിലേ കപ്പ കഴിക്കാവൂ. ഇതു രക്തത്തില്‍ ഗ്ലൂക്കോസ് വര്‍ധിപ്പിക്കും. അതുകൊണ്ട് ഇവര്‍ പതിവായും, കൂടുതലായും കപ്പ കഴിക്കരുത്.

‘ഗോയിറ്റര്‍’ അഥവാ തൊണ്ടവീക്കമുള്ളവരും ഉണ്ടാകാന്‍ സാധ്യതയുള്ളവരും കപ്പ കഴിക്കുന്നതു നന്നല്ല. ‘തൈറോയിഡ്’ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ‘അയോഡിനി’ന്റെ ആഗിരണം ഇതു തടസ്സപ്പെടുത്തും. കപ്പ കഴിച്ചു കഴിയുമ്പോള്‍ ചിലര്‍ വായൂകോപം ഉണ്ടാകുന്നതായി പറയാറുണ്ട്. അളവില്‍ കൂടുതല്‍ കഴിക്കുക, ചവച്ചുകഴിക്കാതിരിക്കുക, വെള്ളം കുടിക്കുന്നതു കുറയുക, വ്യായാമം ഇല്ലാതിരിക്കുക എന്നിവ മൂലം ഇതുണ്ടാവാം. നന്നായി പാചകം ചെയ്ത്, ആരോഗ്യത്തിന് അനുസൃതമായി കഴിക്കുകയാണെങ്കില്‍ കപ്പ സുരക്ഷിത ഭക്ഷണം തന്നെ.