Kerala

വാർഡ് വിഭജനം: വീടുകൾക്ക് ഉൾപ്പെടെ പുതിയ നമ്പർ | New numbers for houses based on ward division

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആകെയുള്ള ഒന്നരക്കോടിയോളം കെട്ടിടങ്ങൾക്കു പുതിയ നമ്പർ വരും. ഇതിൽ ഭൂരിഭാഗവും വീടുകളാണ്. കെട്ടിടങ്ങൾക്കു സ്ഥിര നമ്പർ നൽകുന്നത് പരിഗണനയിലുണ്ടെങ്കിലും ഉടൻ നടപ്പാക്കിയേക്കില്ലെന്നാണു സൂചന. ഓരോ തവണ പുനർനിർണയം നടത്തുമ്പോഴും കെട്ടിട നമ്പർ മാറുന്നതൊഴിവാക്കാനാണ് പത്തക്കമുള്ള സ്ഥിര നമ്പർ ആലോചിക്കുന്നത്.

സംസ്ഥാനം, ജില്ല, തദ്ദേശസ്ഥാപനം എന്നിവയുടെ കോഡ് ചേർത്തുള്ളതായിരിക്കും സ്ഥിര നമ്പർ. ആധാർ മാതൃകയിലുള്ള നമ്പറിൽ വാർഡ് നമ്പർ ചേർക്കില്ല. അതിനാൽ, ഭാവിയിൽ വാർഡിൽ മാറ്റം വന്നാലും കെട്ടിടനമ്പർ മാറ്റമില്ലാതെ തുടരും. കെട്ടിടങ്ങൾക്കുള്ള തിരിച്ചറിയൽ കോഡ് ആണ് സ്ഥിര നമ്പറാക്കി മാറ്റുക. കെ സ്മാർട്ടിന്റെ ഭാഗമായി 87 നഗരസഭകളിലും 6 കോർപറേഷനുകളിലുമാണു നിലവിൽ കെട്ടിടങ്ങൾക്കു തിരിച്ചറിയൽ കോഡുള്ളത്. 941 പഞ്ചായത്തുകളിൽ കോഡുകൾ സജ്ജമാക്കിയ ശേഷമേ സ്ഥിര നമ്പർ നൽകുന്ന നടപടികളിലേക്കു കടക്കൂ.