Celebrities

‘എനിക്ക് പിസിഒഎസ് ഉണ്ടായിരുന്നു! മുഖത്ത് മാറ്റങ്ങൾ വന്നു; അത് എന്നെ ട്രോമയിലാക്കി’ : തുറന്ന് പറഞ്ഞ് സോനം കപൂർ

ബോളിവുഡിലെ ഫാഷൻ ഐക്കണാണ് സോനം കപൂർ. താരത്തിന്റെ ഫാഷൻ സെൻസ് ആരാധകർക്കിടയിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) എന്ന അവസ്ഥയിലൂടെ താൻ കടന്നുപോയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. കുട്ടിക്കാലത്ത് അത് കാരണം തനിക്കേറെ പരി​ഹാസങ്ങൾ നേരിടേണ്ടി വന്നുവെന്നും അത് തനിക്കൊരു ട്രോമയായി മാറിയെന്നും പറയുകയാണ് സോനം.

“എനിക്ക് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് പലതരത്തിലുള്ള ഹോർമോൺ പ്രശ്നങ്ങളും ഉണ്ടായിരുന്നു. 16 വയസുള്ളപ്പോൾ തന്നെ എന്റെ ശരീരഭാരം വല്ലാതെ കൂടി. എല്ലാ പുസ്തകങ്ങളിലും പറയുന്നത്, ആ പ്രായത്തിൽ നമ്മൾ വളരെ സുന്ദരിയായി ഇരിക്കുമെന്നാണ്. എനിക്ക് മുഖത്ത് നിറയെ രോമം ഉണ്ടായി, അതുപോലെ മുഖക്കുരുവും.

നിങ്ങൾക്കറിയാമോ, ആ സമയത്ത് ഒരുപാട് ട്രോളുകളും പരിഹാസങ്ങളും വരെ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രായം മുന്നോട്ട് പോകുന്തോറും അതൊക്കെ മാറി. അത് നമ്മുടെ കൗമാരപ്രായത്തിൽ വരുന്ന ഒരു സാധാരണ ഹോർമോൺ പ്രശ്നമാണ്. അത് മാറി, പക്ഷേ ഞാൻ അപ്പോഴേക്കും ട്രോമയിലായി”. – സോനം പറഞ്ഞു.

ആ സമയത്ത് കജോളാണ് തനിക്ക് പ്രചോദനമായതെന്നും സോനം കൂട്ടിച്ചേർത്തു. “ഒരു ദിവസം അമ്മ എന്നെ കജോളിന്റെ ഒരു ഫോട്ടോ കാണിച്ചു. കജോൾ ഒരിക്കലും തന്റെ കൂട്ടുപുരികം ഷെയ്പ്പ് ചെയ്തിരുന്നില്ല. കജോളിനെ നോക്കൂ! അവരാണ് ഇപ്പോൾ ഏറ്റവും വലിയ നായികയെന്ന് അമ്മ പറഞ്ഞു. അത് കണ്ടപ്പോൾ എനിക്ക് പ്രചോദനമായി”- സോനം പറഞ്ഞു. സ്ത്രീകളിൽ ശരീരത്തിലെ ചില ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്ന അവസ്ഥയാണ് പിസിഒഎസ്.