തിരുവനന്തപുരം: ആഫ്രിക്കയിലെ ലിത്വാനിയയില്‍ നിന്നുള്ള ആഫ്രോഡെലിക്കും വനിതകളുടെ ബാന്‍ഡായ വൈല്‍ഡ് വൈല്‍ഡ് വുമണുമടക്കം സംഗീതപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന അവതരണങ്ങള്‍ക്ക് ഇന്ന് (നവംബര്‍ 24) ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവെല്‍ (ഐ.ഐ.എം.എഫ്) വേദിയാകും. ദി യെല്ലോഡയറി, പരിക്രമ, അസല്‍കൊലാര്‍, 43 മൈല്‍സ് തുടങ്ങി ഏറെ ജനപ്രീതിയുള്ള ബാന്‍ഡുകളും മേളയുടെ സമാപന ദിവസമായ ഞായറാഴ്ച കോവളം വെള്ളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിലെ അരങ്ങ് കൊഴുപ്പിക്കും.
ആധുനിക ഇലക്ട്രോണിക് ശബ്ദ വിന്യാസങ്ങളുമായി ആഫ്രിക്കന്‍ താളങ്ങളെ സമന്വയിപ്പിച്ച് അതുല്യവും വൈവിധ്യവുമായ സംഗീത മിശ്രണമാണ് അഫ്രോഡെലിക് സാധ്യമാക്കുന്നത്. മാലിയന്‍-ലിത്വാനിയന്‍ വംശജനായ സംഗീതജ്ഞന്‍ വിക്ടര്‍ ദിവാരയുടെ നേതൃത്വത്തിലുള്ള ബാന്‍ഡ് പാരമ്പര്യവും സംസ്‌കാരവും ഉള്‍ക്കൊള്ളുന്ന സംഗീതവഴിയില്‍ സഞ്ചരിക്കുന്നവരാണ്. പരമ്പരാഗത മാലിയന്‍ മെലഡികളും ഇന്‍സ്ട്രുമെന്റേഷനും സമകാലിക ബീറ്റുകളും ആംബിയന്റ് സൗണ്ട്സ്‌കേപ്പുകളും ഉപയോഗിച്ച് സമന്വയിപ്പിക്കുന്ന അഫ്രോഡെലിക്കിന്റെ രീതി ആസ്വാദകര്‍ക്ക് വേറിട്ട സംഗീതാനുഭവം നല്‍കും.
സംഗീതത്തിലൂടെയും കലയിലൂടെയും കഥപറച്ചിലിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ ശ്രദ്ധ നേടിയ ബെംഗളൂരുവിലെ സ്ത്രീ കൂട്ടായ്മയാണ് വൈല്‍ഡ് വൈല്‍ഡ് വുമണ്‍. 2017 ല്‍ സ്ഥാപിതമായ ഈ കൂട്ടായ്മ സ്ത്രീകളുടെ ആത്മപ്രകാശനത്തിനും സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കാനുമുള്ള വേദിയായി മാറുന്നു. സംഗീതജ്ഞര്‍, കവികള്‍, അഭിനേതാക്കള്‍, അവതാരകര്‍ എന്നിവര്‍ കൂട്ടായ്മയില്‍ ഉള്‍പ്പെടുന്നു.
തബല, വയലിന്‍ തുടങ്ങിയ വാദ്യോപകരണങ്ങളുമായി ക്ലാസിക് റോക്ക് ഘടകങ്ങളെ സംയോജിപ്പിക്കുന്ന പ്രകടനത്തിലൂടെ പ്രശസ്തമായ ഇന്ത്യന്‍ റോക്ക് ബാന്‍ഡ് പരിക്രമയാണ് സമാപന ദിവസത്തെ മറ്റൊരു ആകര്‍ഷണം. ഡല്‍ഹി ആസ്ഥാനമായുള്ള ബാന്‍ഡിന്റെ സംഗീതവും ജീവിതവും തത്ത്വചിന്തയും സമന്വയിപ്പിച്ച ആശയങ്ങളും ആസ്വാദര്‍ക്ക് ആഴത്തിലുള്ള സംഗീതാനുഭവം പ്രദാനം ചെയ്യാന്‍ പോന്നതാണ്.
മുംബൈ ആസ്ഥാനമായി പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള റോക്ക് ബാന്‍ഡാണ് ദി യെല്ലോഡയറി. ഗായകനും റാപ്പറുമായ വസന്ത കുമാറിന്റെ നേതൃത്വത്തിലുള്ള അസല്‍ കൊലാര്‍ ഏറെ ആരാധകരുള്ള ഇന്ത്യന്‍ ബാന്‍ഡുകളിലൊന്നാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: instagram @iimf_2024, https://iimf.kacvkovalam.com എന്നിവ സന്ദര്‍ശിക്കാം. പരിപാടിയില്‍ പങ്കെടുക്കുന്നതിന് http://bit.ly/4eZRuLE എന്ന ലിങ്ക് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.