വഖഫ് നിയമത്തിന് ഭരണഘടനയിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് വിജയശേഷം ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട് ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തുല്യതയുടെയും മതേതരത്വത്തിൻറെയും തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് മോദി പറഞ്ഞു.
യഥാർഥ മതേതരത്വത്തിന് വധശിക്ഷ നൽകാനാണ് കോൺഗ്രസ് ശ്രമിച്ചത്. വഖഫ് നിയമം ഒരു പ്രത്യേക മതവിഭാഗത്തിന് അനർഹമായ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുകയാണെന്നും മോദി പറഞ്ഞു. നിയമത്തിന് മുന്നിൽ തുല്യതയാണ് ഭരണഘടന ഉറപ്പുനൽകുന്നത്. എന്നാൽ, ഒരുകൂട്ടം നിയമങ്ങൾ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം നൽകുമ്പോൾ നമുക്ക് അതെങ്ങനെ നേടാനാകും. ഇത്തരം നിയമങ്ങൾ ഐക്യത്തിന് പകരം വിഭജനത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഈ വ്യവസ്ഥയെ പൊളിച്ചെഴുതണമെന്നും മോദി വ്യക്തമാക്കി.
പ്രീണന രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാനാണ് കോൺഗ്രസ് നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്, വഖഫ് ബോർഡ് അതിെൻറ ഒരു ഉദാഹരണം മാത്രമാണ്. ബാബാസാഹബ് നമുക്ക് നൽകിയ ഭരണഘടനയിൽ വഖഫ് നിയമത്തിന് സ്ഥാനമില്ല. എന്നാൽ, വോട്ട് ബാങ്ക് വർധിപ്പിക്കാനാണ് കോൺഗ്രസ് ഇത് കൊണ്ടുവന്നതെന്നും മോദി പറഞ്ഞു.