India

ഉദ്യോഗസ്ഥ മോശമായി പെരുമാറി; വനിത വ്യവസായിയുടെ മരണത്തിൽ പരാതി നൽകി കുടുംബം – business woman suicide cid harassment

കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷൻ തട്ടിപ്പിന്റെ പേരിൽ സിഐഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ മുപ്പത്തിമൂന്നുകാരിയായ വനിതാ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. സിഐഡി ഉദ്യോഗസ്ഥയിൽനിന്നു മോശം പെരുമാറ്റം നേരിട്ടതിനു പിന്നാലെയാണ് എസ്. ജീവ ആത്മഹത്യ ചെയ്തതെന്നു സഹോദരി എസ്. സംഗീത പരാതിപ്പെട്ടു. ജീവയോടു വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സിഐഡി ഉദ്യോഗസ്ഥ 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്നുമാണു പുറത്തു വരുന്ന വിവരം.

സംഗീത നൽകിയ പരാതിയിൽ സിഐഡി ഡപ്യൂട്ടി എസ്പി കനകലക്ഷ്മിക്കെതിരെ ബനാശങ്കരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ‘നവംബർ 14നും 23നും ഇടയിൽ വിഡിയോ കോൺഫറൻസ് വഴി ജീവയെ ചോദ്യം ചെയ്യാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ ഡിഎസ്പി കനകലക്ഷ്മി 14ന് നേരിട്ടു ഹാജരാകാൻ ജീവയോട് ആവശ്യപ്പെട്ടു. ഉൾവസ്ത്രത്തിനുള്ളിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് അന്ന് ഡിഎസ്പി വസ്ത്രം അഴിപ്പിച്ചു പരിശോധിച്ചു. പിന്നീട് പീന്യയിലെ തടിക്കടയിൽ ജീവയുമായി പോയി പരിശോധന നടത്തി. അവിടെവച്ച് എല്ലാവരുടെയും മുന്നിലും ജീവയെ അപമാനിച്ചു.’ പരാതിയിൽ പറയുന്നു.

നിയമബിരുദധാരിയായ ജീവയെ വെള്ളിയാഴ്ചയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 11 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പൊലീസ് സ്റ്റേഷനിൽ നേരിട്ട അപമാനത്തെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു.

STORY HIGHLIGHT: business woman suicide cid harassment