Kerala

സുരേന്ദ്രന് സ്ഥാനം തെറിക്കുമോ? ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തൽ ബിജെപി നേതൃയോഗം മറ്റന്നാൾ – bjp kerala bypoll loss analysis

ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ബിജെപി നേതൃയോഗം മറ്റന്നാൾ ചേരും. എറണാകുളത്താണ് യോഗം. പാലക്കാട് നഗരസഭയിൽ ഭരണമുണ്ടായിട്ടും പരാജയപ്പെട്ടതിന്റെ കാരണങ്ങൾ യോഗം വിശകലനം ചെയ്യും. പാലക്കാട്ടെ തോൽവിയുടെ പശ്ചാത്തലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ആരോപണങ്ങളുയരുന്നുണ്ട്.

പാലക്കാട്ടെ സ്ഥാനാർഥി നിർണയം ഏകപക്ഷീയമായിരുന്നു എന്ന ആക്ഷേപം പാർട്ടിയിൽ ഒരു വിഭാഗത്തിനുണ്ട്. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കിയത് തിരിച്ചടിയായെന്ന് കരുതുന്നവരുമുണ്ട്. അടുത്തു നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് വർധിപ്പിച്ച ശോഭ സ്ഥാനാർഥിയാകുമെന്ന് പലരും കരുതിയെങ്കിലും കൃഷ്ണകുമാറിന്റെ പേരാണ് സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചത്.

കെ.സുരേന്ദ്രൻ പാലക്കാട്ട് തങ്ങി പ്രചാരണത്തിന് നേതൃത്വം നൽകി. പ്രചാരണം നയിച്ചതെല്ലാം സുരേന്ദ്രനൊപ്പമുള്ള നേതാക്കളാണ്. മറ്റ് നേതാക്കളെ പാർട്ടി ആശ്രയിച്ചില്ല. ശോഭാ സുരേന്ദ്രനും ആദ്യഘട്ടങ്ങളിൽ പ്രചാരണത്തിനെത്തിയില്ല. തിരഞ്ഞെടുപ്പ് തന്ത്രം പാളിയതോടെ, എപ്പോഴും കരുത്തായി കൂടെ നിൽക്കുന്ന പാലക്കാട് നഗരസഭയിലും വോട്ടു ചോർന്നു. നഗരസഭയിൽ യുഡിഎഫിനാണ് ഭൂരിപക്ഷം ലഭിച്ചത്. പ്രസിഡന്റ് സ്ഥാനത്ത് 5 വർഷം പൂർത്തിയാക്കുന്ന സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവും ചിലർ ഉന്നയിക്കുന്നുണ്ട്.

STORY HIGHLIGHT: bjp kerala bypoll loss analysis