ഷാരൂഖുമായുള്ള ജീവിതം തുടക്കത്തില്‍ അത്ര എളുപ്പമായിരുന്നില്ലെന്ന് ഭാര്യ ഗൗരി ഖാൻ. തെറ്റ് തിരിച്ചറിഞ്ഞ് ഷാരൂഖ് തിരുത്താന്‍ തയ്യാറായതാണ് വഴിത്തിരിവായതെന്ന് നിര്‍മാതാവ് കൂടിയായ ഗൗരി ഒരു അഭിമുഖത്തില്‍ മുന്‍പ് പറഞ്ഞത് ശ്രദ്ധനേടുകയാണ് ഇപ്പോൾ. വെറുപ്പിക്കുന്ന തരത്തില്‍ ഷാരൂഖ് തുടക്കത്തില്‍ പൊസസീവ് ആയിരുന്നുവെന്നും തനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ സമ്മതിച്ചിരുന്നില്ലെന്നുമാണ് ഗൗരി ഖാന് തുറന്ന് പറഞ്ഞത്. സിമി ഗരേവാള് 1997 ല്‍ നടത്തിയ അഭിമുഖത്തിലെ ഭാഗമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ‘ഭീകരമാം വിധം പൊസസീവായിരുന്നു ഷാരൂഖ്. അതെനിക്ക് അസഹ്യമായി. വെള്ള ഷര്‍ട്ടിടാന്‍ അനുവദിച്ചിരുന്നില്ല. അത് സുതാര്യമാണെന്നതായിരുന്നു കാരണം’. ഷാരൂഖിന്റെ ഈ സ്വഭാവം കാരണം കുറേക്കാലം താന്‍ മാറി നിന്നുവെന്നും, ‘ഇത് മാറ്റിയില്ലെങ്കില്‍ മേലില്‍ നിങ്ങളെന്നെ കാണില്ലെ’ന്നും പറഞ്ഞ് ഇറങ്ങിപ്പോന്നുവെന്നും ഗൗരി വെളിപ്പെടുത്തുന്നു.
വലിയ തെറ്റാണ് അന്ന് സംഭവിച്ചതെന്ന് ഷാരൂഖും സമ്മതിക്കുന്നു. ‘വൃത്തികെട്ട സ്വഭാവമായിരുന്നു അത്. എന്റെ ഉള്ളിലെ അരക്ഷിതാവസ്ഥയാണ് എന്നെ കൊണ്ട് അങ്ങനെ ചെയ്യിച്ചത്. ഗൗരിയെ എനിക്കറിയാം, പക്ഷേ മറ്റുള്ളവര്‍ക്ക് അറിയില്ലല്ലോ, അവര്‍ അവളെ കുറിച്ച് മോശം വിചാരിക്കും. എന്റെ ഉത്തരവാദിത്തമാണ് അങ്ങനെ വരാതെ നോക്കേണ്ടതെന്നാണ് ഞാന്‍ ധരിച്ച് വച്ചിരുന്നത്. അത്രത്തോളം ഞാന്‍ തരംതാഴ്ന്ന് പോയിരുന്നു’ എന്നും ഷാരൂഖ് ഖാൻ പറയുന്നു.