Music

റോക്ക്, മെറ്റല്‍ സംഗീതത്തിര തീര്‍ത്ത് ഇന്റര്‍നാഷണല്‍  ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവെലിന് സമാപനം

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ റോക്ക്, മെറ്റല്‍, ഫോക്ക് സംഗീതത്തിന്റെ അലയൊലികള്‍ തീര്‍ത്ത മൂന്നു നാളുകള്‍.. സംഗീത പ്രേമികളെ ആഘോഷത്തിമിര്‍പ്പിലാക്കി ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവെലിന്റെ (ഐ.ഐ.എം.എഫ്) മൂന്നാം പതിപ്പിന് കോവളം വെള്ളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ സമാപനം. വിദേശത്തെയും ഇന്ത്യയിലെയും കേരളത്തിലെയും ബാന്‍ഡുകളുടെ പ്രകടനത്തിന് സാക്ഷ്യം വഹിച്ച ഐ.ഐ.എം.എഫ് ആസ്വാദകര്‍ക്ക് സമ്മാനിച്ചത് വൈവിധ്യമാര്‍ന്ന സംഗീതത്തിന്റെ സുന്ദര നിമിഷങ്ങള്‍.

ആറ് രാജ്യങ്ങളില്‍ നിന്നായി 17 മ്യൂസിക്ക് ബാന്‍ഡുകളാണ് ഐ.ഐ.എം.എഫിന്റെ വേദിയില്‍ സംഗീതത്തിര തീര്‍ത്തത്. ആദ്യ രണ്ട് പതിപ്പുകളിലെയും പോലെ ജനപങ്കാളിത്തവും മുന്‍നിര ബാന്‍ഡുകളുടെ സാന്നിധ്യവും സംഘാടനമികവും കൊണ്ട് ഐ.ഐ.എം.എഫ് മൂന്നാം പതിപ്പും ശ്രദ്ധേയമായി.

ആഫ്രിക്കയിലെ ലിത്വാനിയയില്‍ നിന്നുള്ള ആഫ്രോഡെലിക്കും വനിതകളുടെ ബാന്‍ഡായ വൈല്‍ഡ് വൈല്‍ഡ് വുമണുമടക്കം സംഗീതപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന അവതരണങ്ങള്‍ക്ക് അവസാന ദിവസം ഐ.ഐ.എം.എഫ് വേദിയൊരുക്കി. ദി യെല്ലോഡയറി, പരിക്രമ, അസല്‍കൊലാര്‍, 43 മൈല്‍സ് തുടങ്ങി ഏറെ ജനപ്രീതിയുള്ള ബാന്‍ഡുകളും അരങ്ങ് കൊഴുപ്പിച്ചു.

ആധുനിക ഇലക്ട്രോണിക് ശബ്ദ വിന്യാസങ്ങളുമായി ആഫ്രിക്കന്‍ താളങ്ങളെ സമന്വയിപ്പിച്ച് അതുല്യവും വൈവിധ്യവുമായ സംഗീത മിശ്രണമൊരുക്കിയാണ് അഫ്രോഡെലിക് കാണികളെ കൈയിലെടുത്തത്. പരമ്പരാഗത മാലിയന്‍ മെലഡികളും ഇന്‍സ്ട്രുമെന്റേഷനും സമകാലിക ബീറ്റുകളും ആംബിയന്റ് സൗണ്ട്സ്‌കേപ്പുകളും ഉപയോഗിച്ച് സമന്വയിപ്പിച്ച അഫ്രോഡെലിക്കിന്റെ ട്രാക്കുകള്‍ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി.

സംഗീതത്തിലൂടെയും കലയിലൂടെയും കഥപറച്ചിലിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ ശ്രദ്ധ നേടിയ ബെംഗളൂരുവിലെ സ്ത്രീ കൂട്ടായ്മയായ വൈല്‍ഡ് വൈല്‍ഡ് വുമണിന്റെ പ്രകടനവും കാണികളുടെ കൈയടി നേടി. സംഗീതജ്ഞര്‍, കവികള്‍, അഭിനേതാക്കള്‍, അവതാരകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയുടെ അവതരണം ഇതര ബാന്‍ഡുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതായിരുന്നു.

തബല, വയലിന്‍ തുടങ്ങിയ വാദ്യോപകരണങ്ങളുമായി ക്ലാസിക് റോക്ക് ഘടകങ്ങളെ സംയോജിപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ റോക്ക് ബാന്‍ഡ് പരിക്രമയുടെ ആകര്‍ഷണം. സംഗീതവും ജീവിതവും തത്വചിന്തയും സമന്വയിപ്പിച്ച ആശയങ്ങളും ആസ്വാദര്‍ക്ക് ആഴത്തിലുള്ള സംഗീതാനുഭവം പ്രദാനം ചെയ്യാന്‍ പോന്നതായിരുന്നു. ഏറെ ആരാധകരുള്ള ഇന്ത്യന്‍ ബാന്‍ഡുകളായ ദി യെല്ലോ ഡയറിയുടെയും അസല്‍ കൊലാറിന്റെയും അവതരണങ്ങളും കാണികള്‍ ആഘോഷമാക്കി.

മെറ്റല്‍, റോക്ക് സംഗീത പ്രേമികളുടെ അഭിരുചികളെ ആഘോഷത്തിലാക്കുന്ന അവതരണവുമായാണ് ഐ.ഐ.എം.എഫ് ബാന്‍ഡുകള്‍ വേദിയില്‍ എത്തിയത്. വിദേശ രാജ്യങ്ങളിലെ സംഗീത ബാന്‍ഡുകളുടെ തത്സമയ പ്രകടനം ആസ്വദിക്കാനുള്ള അവസരത്തിനൊപ്പം സംഗീത ലോകത്തെ പുത്തന്‍ പ്രവണതകള്‍ അറിയാനും ഇത് ആസ്വാദകര്‍ക്ക് അവസരമൊരുക്കി. കലാകാരന്‍മാരുടെ തത്സമയ പ്രകടനവും കാണികളുടെ നിറഞ്ഞ പങ്കാളിത്തവും പ്രോത്സാഹനവും സംഗീതോത്സവത്തെ ആവേശം നിറഞ്ഞതാക്കി മാറ്റി.

നെതര്‍ലാന്‍ഡ്‌സ് പവര്‍ മെറ്റല്‍ ബാന്‍ഡ് മാര്‍ടൈര്‍, ഡെന്‍മാര്‍ക്കില്‍ നിന്നുള്ള കോള്‍ഡ് ഡ്രോപ്പ് എന്നിവ യൂറോപ്യന്‍ വന്‍കരയെ പ്രതിനിധീകരിച്ച് ഐ.ഐ.എം.എഫ് വേദിയിലെത്തി. മെക്‌സിക്കന്‍ ബാന്‍ഡായ ഡീര്‍എംഎക്‌സ് അമേരിക്കന്‍ സംഗീതത്തിന്റെ തനത്, പുത്തന്‍ വഴികളിലൂടെ സഞ്ചരിച്ച് ആസ്വാദകരുടെ കാതും മനവും നിറച്ചു. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ബ്ലൂസ്-റോക്ക് ബാന്‍ഡ് ലേസി ഫിഫ്റ്റി രണ്ടാം ദിനം വേദിയിലെത്തി.

ഏറെ ആരാധകരുള്ള കേരള ഫോക്ക്-റോക്ക് ബാന്‍ഡായ കുലം, ഇന്ത്യന്‍ ബാന്‍ഡ് ഗബ്രി എന്നിവയുടെ തത്സമയ പ്രകടനവും കാണികളില്‍ ആവേശം നിറച്ചു. പ്രശസ്ത ഗായിക പ്രാര്‍ഥന ഇന്ദ്രജിത്തിന്റെ മ്യൂസിക് ആല്‍ബമായ ‘ഐ റോട്ട് ദിസ് ഓണ്‍ എ റെയ്‌നി നൈറ്റി’ന്റെ സോഫ്റ്റ് ലോഞ്ചും ഐ.ഐ.എം.എഫില്‍ നടന്നു.

വിവിധ ഭാഷകളിലുള്ള മെറ്റല്‍, ഹാര്‍ഡ്‌റോക്ക്, റോക്ക് ടു ഹിപ്-ഹോപ്പ്, ഫോക്ക്, ബ്ലൂസ്, ഇഡിഎം സംഗീതമാണ് ബാന്‍ഡുകള്‍ ഐ.ഐ.എം.എഫിലെ ആസ്വാദകര്‍ക്കു മുന്നിലെത്തിച്ചത്. തിരുവനന്തപുരത്തെ ബാന്‍ഡായ ഡിഐവൈ ഡിസ്റപ്ഷന്റെ അവതരണത്തോടെയാണ് മേള ആരംഭിച്ചത്.

കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജും ലേസി ഇന്‍ഡി മാഗസിനും സംയുക്തമായിട്ടാണ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചത്. ലൈവ് മ്യൂസിക്ക്, ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ്, ഓണ്‍സൈറ്റ് ക്യാമ്പിംഗ്, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയായിരുന്നു ഫെസ്റ്റിവെലിലെ ശ്രദ്ധേയ വിഭാഗങ്ങള്‍.

ഫെസ്റ്റിവെലിന്റെ ഭാഗമായി ആഭരണ നിര്‍മാണം, മണ്‍പാത്ര നിര്‍മ്മാണം, ഹാന്‍ഡ് ലൂം, കളരിപ്പയറ്റ്, ബീച്ച് യോഗ, മെഡിറ്റേഷന്‍ എന്നിവ പരിശീലിക്കുന്നതിനായി ക്യാമ്പിംഗ് സൗകര്യങ്ങളും ശില്‍പശാലകളും ക്രാഫ്റ്റ് വില്ലേജില്‍ സംഘടിപ്പിച്ചു. കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിലെ തത്സമയ കലാ-കരകൗശല പ്രദര്‍ശനവും സന്ദര്‍ശകരെ ആകര്‍ഷിച്ചു. തിങ്കളാഴ്ച വരെ ക്രാഫ്റ്റ് വില്ലേജ് കാമ്പസില്‍ ഓണ്‍സൈറ്റ് ക്യാമ്പിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

കേരള ടൂറിസം വകുപ്പിന് വേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (യുഎല്‍സിസിഎസ്) രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് കോവളത്തെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് (കെഎസിവി). കരകൗശല പാരമ്പര്യങ്ങള്‍ക്ക് പുറമെ, സാഹിത്യ-ചലച്ചിത്ര മേളകള്‍, കലാ പ്രദര്‍ശനങ്ങള്‍, ഡിസൈന്‍ ശില്‍പശാലകള്‍, മ്യൂസിക്‌ഷോകള്‍, ഹാക്കത്തോണുകള്‍, ഫുഡ് ഫെസ്റ്റിവലുകള്‍, ഫ്ലീമാര്‍ക്കറ്റുകള്‍ തുടങ്ങിയവയും നിരന്തരം സംഘടിപ്പിക്കുന്ന ആഗോള സാംസ്‌കാരിക വിനിമയ കേന്ദ്രം കൂടിയാണ് കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ്.

Latest News