Kerala

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ എഐ റിസപ്ഷനിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും: മന്ത്രി വി ശിവന്‍കുട്ടി

നിര്‍മിത ബുദ്ധിയുടെ സാങ്കേതികത പ്രവര്‍ത്തന വിപൂലീകരണത്തിന് ഉപയോഗിക്കുന്ന ആദ്യത്തെ ക്ഷേമനിധി ബോര്‍ഡായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മാറിയിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍, നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള ലാപ്ടോപ്പ് വിതരണത്തിന്റേയും എഐ റിസപ്ഷനിസ്റ്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എ ഐ റിസപ്ഷനിസ്റ്റ് കൂടി എത്തുന്നതോടെ ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ കാര്യക്ഷമമായി എത്തിക്കാനാകും. കെല്‍ട്രോണിന്റെ സഹായത്തോടെ ഏര്‍പ്പെടുത്തുന്ന”ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസപ്ഷന്‍ പ്ലാറ്റ് ഫോം – കെല്ലി’ നിലവില്‍ വരുന്നതോടെ ഓഫീസില്‍ എത്തുന്ന ഒരാള്‍ക്ക് കിയോസ്‌കിലൂടെ ബോര്‍ഡ് നല്‍കുന്ന സേവനങ്ങളെക്കുറിച്ചു സ്വയം ചോദിച്ചു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇത് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതില്‍ തൊഴില്‍ വകുപ്പ് ജാഗ്രത പുലര്‍ത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന തരത്തില്‍ സാങ്കേതിക വിദ്യകളിലൂന്നിയ പരിശീലനം നല്‍കി തൊഴില്‍ രംഗത്തെ മാറ്റങ്ങളെ നേരിടുന്നതിന് തൊഴിലാളികളെ സജ്ജരാക്കുന്നതില്‍ തൊഴില്‍ വകുപ്പ് മുന്നിലാണ്. കേരളം മുന്നോട്ട് വയ്ക്കുന്ന തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാതൃകയാവുന്ന തരത്തില്‍ മികച്ചതാണ്. കേരള മോട്ടോര്‍ തൊഴിലാളി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിന് ആസാം, ഹരിയാന, അരുണാചല്‍ പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കേരളത്തിലെത്തുകയും സമാനമായ പദ്ധതികള്‍ അവിടെ തുടങ്ങാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഇത് കേരള സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു.

ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും അംശാദായം അടയ് ക്കുന്നതിനും വിശദാംശങ്ങള്‍ അറിയുന്നതിനുംആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി എറണാകുളം ജില്ലാ ഓഫീസില്‍ തുടങ്ങിയ പുതിയ കിയോസ്‌ക് സംവിധാനം എല്ലാ ജില്ലാ ഓഫീസുകളിലും ഏര്‍പ്പെടുത്തും. ക്ഷേമനിധി ബോര്‍ഡ് അംശാദായം അടക്കാന്‍ സാധിക്കാതെ മുടക്കം വന്നുപോയ തൊഴിലാളികള്‍ക്ക് തുക ഒടുക്കുന്നതിന് ഒരു അവസരം കൂടി നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്ക്2024 ഡിസംബര്‍ 31 വരെ കുടിശ്ശിക ഒടുക്കാവുന്നതാണ്.

ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും അംശാദായം അടയ് ക്കുന്നതിനും വിശദാംശങ്ങള്‍ അറിയുന്നതിനും ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയ പുതിയ കിയോസ്‌ക് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ലേബര്‍ കമ്മിഷണര്‍ സഫ്ന നസറുദ്ദീന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കളില്‍ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന 197 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. കെ. ദിവാകരന്‍, സി ഇ ഒയും അഡീ. ലേബര്‍ കമ്മിഷണറുമായ രഞ്ജിത്ത് പി മനോഹര്‍, കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായര്‍, ബോര്‍ഡ് ഡയറക്ടര്‍മാര്‍,വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.