മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും അധിക ജോലി ഭാരം അനുഭവിക്കുകയാണെന്ന പരാതി പരിഹരിക്കാന്‍ പി.ജി. വിദ്യാര്‍ത്ഥികളുടെയും ഹൗസ് സര്ജന്മാരുടെയും മാനുവല്‍ പരിഷ്ക്കരിക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തുടര്‍നടപടികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് കേരള ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്കി. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് കേരള ആരോഗ്യസര്‍വകലാശാല രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.