താമരശ്ശേരിയില്‍ കളിക്കുന്നതിനിടയില്‍ രണ്ടര വയസ്സുകാരിയുടെ തലയില്‍ കലം കുടുങ്ങി. അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധവശാല്‍ സ്റ്റീല്‍ കലം കുഞ്ഞിന്റെ തലയില്‍ കുടുങ്ങുകയായിരുന്നു. കലം തലയില്‍ കുടുങ്ങിയ കുഞ്ഞിനെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് സംഭവം. അടിവാരം സ്വദേശി കൂളമടത്ത് പുളിക്കല്‍ ജംഷീദിന്റെ മകള്‍ രണ്ടര വയസ്സുകാരി അസാ സഹറയുടെ തലയിലാണ് സ്റ്റീല്‍ കലം കുടുങ്ങിയത്.
പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ മുക്കം ഫയര്‍ഫോഴ്സിന്റെ സഹായം തേടി വീട്ടുകാര്‍ അഗ്നിരക്ഷാ നിലയത്തിലേക്ക് കുഞ്ഞുമായി എത്തുകയായിരുന്നു. സ്റ്റേഷന് ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ ഷിയേഴ്സ്, കട്ടര്‍ എന്നിവ ഉപയോഗിച്ച് സൂക്ഷ്മമായി കലം മുറിച്ചുമാറ്റി കുട്ടിയുടെ തല പുറത്തെടുക്കുകയായിരുന്നു.
സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍ രാജേഷ്, സേനാംഗങ്ങളായ പി.ടി. ശ്രീജേഷ്, എം.സി. സജിത്ത് ലാല്‍, എ. എസ്. പ്രദീപ്, വി. സലീം, പി. നിയാസ്, വൈ.പി. ഷറഫുദ്ധീന്‍ എന്നിവര്‍ ചേര്‍ന്നാണ് കലം മുറിച്ചുമാറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുഞ്ഞിന് യാതൊരു പരിക്കുമേല്‍ക്കാതെ രക്ഷപ്പെടുത്താനായത് അഗ്നിരക്ഷാ സേനയ്ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമായി.