Kerala

ഇന്ത്യന്‍ ഭരണഘടനയാണ് തന്നെ സൃഷ്ടിച്ചതെന്ന് ദനസരി അനസൂയ സീതാക്ക

ഇന്ത്യന്‍ ഭരണഘടനയാണ് തന്നെ സൃഷ്ടിച്ചതെന്ന് തെലങ്കാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ദനസരി അനസൂയ സീതാക്ക. ഭരണഘടന നിര്‍മ്മാണ സമിതി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് എഐസിസി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ നവംബര്‍ 26 മുതല്‍ ജനുവരി 26 വരെ നീണ്ടുനില്‍ക്കുന്ന 60 ദിവസത്തെ ഭരണഘടന സംരക്ഷണ അഭിയാന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി ആസ്ഥാനത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സീതാക്ക.

ആദിവാസി വിഭാഗത്തില്‍ ജനിച്ച വ്യക്തിയായ തനിക്ക് ജനപ്രതിനിധിയും മന്ത്രിയും ആകാന്‍ അവസരമൊരുക്കിയത് നമ്മുടെ ഭരണഘടനയാണ്. ഭരണഘടനയും മഹത്തരമായ ജനാധിപത്യ സംവിധാനവും ഇല്ലെങ്കില്‍ തന്നെപോലുള്ളവര്‍ക്ക് ഇത്തരം ഉന്നത പദവികള്‍ സ്വപ്നം പോലും കാണാന്‍ സാധിക്കില്ല. കുട്ടിക്കാലം മുതല്‍ ചെറുപ്പകാലം വരെ സായുധസമരത്തിന്റെ പാതയിലായിരുന്നു തന്റെ ജീവിതം. അവിടെനിന്ന് കോണ്‍ഗ്രസിന്റെ മതേതര-ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് തന്റെ ജീവിതത്തിന് രൂപാന്തരം സംഭവിച്ചത്. തന്റെ ഭൂതകാല നെക്സല്‍ ജീവിതം ഉപേക്ഷിച്ച് ജനാധിപത്യത്തിന്റെ മാര്‍ഗത്തിലേക്ക് തിരിഞ്ഞതും പാതിവഴിയില്‍ മുടങ്ങിയ പഠനം പൂര്‍ത്തിയാക്കാന്‍ സ്വാധിച്ചതും ഭരണഘടന തന്നെപോലുള്ളവര്‍ക്ക് അനുവദിച്ച് നല്‍കിയ അവകാശ ആനൂകൂല്യങ്ങളുടെ ബലത്തിലാണ്. കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജി.എസ്.ബാബു,ജി.സുബോധന്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി, ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.