വയനാട് മാനന്തവാടി ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സംഭവം അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് നിര്‍ദ്ദേശം. ചീഫ് വൈല്‍ഡ് ലൈന്‍ വാര്‍ഡനോടാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
കുടിലുകള്‍ നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങളെ ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളും ഡി എഫ് ഓ യുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വനം വകുപ്പിന്റെ ഡോര്‍മിട്ടറി റൂമിലേക്കാണ് മൂന്ന് കുടുംബങ്ങളെ മാറ്റിയിരിക്കുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചതായി സിദ്ദിഖ് എംഎല്‍എ വ്യക്തമാക്കി.
തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ ബേഗൂരിലാണ് വനം വകുപ്പിന്റെ ക്രൂരത. 16വര്‍ഷമായി താമസിച്ചിരുന്ന കുടുംബങ്ങള്‍ക്കാണ് രാത്രി ഇരുട്ടിവെളുക്കും മുമ്പേ കുടിലുകള്‍ നഷ്ടമായത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലത്തെത്തി തങ്ങളോട് ഷെഡ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ പുതിയ ഷെഡ് പണിയാതെ കുടില്‍ ഒഴിയില്ലെന്നായിരുന്നു കുടുംബങ്ങളുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇന്നലെ മൂന്ന് കുടിലുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പൊളിച്ചുനീക്കിയത്.
അതേസമയം പട്ടിക ജാതി-പട്ടിക വകുപ്പ് മന്ത്രിയായ ഒ.ആര്‍. കേളുവിന്റെ മണ്ഡലത്തില്‍ തന്നെ ആദിവാസി കുടുംബങ്ങള്‍ക്കെതിരെ ഇത്തരമൊരു അതിക്രമം ഉണ്ടായതിനാല്‍ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ ഈ വിഷയത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഏറെ സങ്കടകരമായതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായ കാര്യമാണ് തോല്‍പ്പെട്ടിയില്‍ ഉണ്ടായതെന്നാണ് കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.