തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ പ്രിന്‍സിപ്പല്‍ വിളിച്ച യോഗം നിയന്ത്രിക്കാന്‍ പോലീസ് വേണ്ടിവന്നു. യോഗത്തില്‍ തമ്മിലടിച്ച വിദ്യാര്‍ഥികള്‍ കസേരകള്‍ വലിച്ചെറിഞ്ഞ് ആക്രമിച്ചു. കയ്യേറ്റം തടയുന്നതിനിടെ കസേര കൊണ്ടുള്ള ഏറില്‍ പ്രിന്‍സിപ്പലിന്റെ മൂക്കിനു ക്ഷതമേറ്റു. നെഞ്ചില്‍ ഇടിയേറ്റ് പിടിഎ പ്രസിഡന്റ് തളര്‍ന്നുവീഴുകയും ചെയ്തതോടെ, സംഘര്‍ഷം ഒഴിവാക്കാന്‍ ഇരുകൂട്ടര്‍ക്കും ഇടയില്‍ അധ്യാപകര്‍ നിലയുറപ്പിച്ചു. ഇതോടെ ഇവര്‍ക്കും മര്‍ദനമേറ്റു. കാട്ടാക്കട പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
തിങ്കളാഴ്ച രാവിലെ കാട്ടാക്കടക്കടുത്ത് പൂവച്ചല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സംഘര്‍ഷത്തിനിടെ പരുക്കേറ്റ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പിടിഎ പ്രസിഡന്റിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലെ അറുപതോളം കസേരകളും വിദ്യാര്‍ഥികള്‍ തല്ലിത്തകര്‍ത്തു. പരസ്പരം കസേരകള്‍ വലിച്ചെറിഞ്ഞായിരുന്നു ഇരുവിഭാഗം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ഏറ്റുമുട്ടിയത്.
സ്‌കൂളില്‍ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ചെറിയതോതില്‍ വാക്കേറ്റവും സംഘര്‍ഷവും പതിവായിരുന്നെന്ന് അധ്യാപകര്‍ പറയുന്നു. തര്‍ക്കം സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പോര്‍ വിളിയിലേക്കും വളര്‍ന്നിരുന്നു. ഇതോടെയാണ് തിങ്കളാഴ്ച രാവിലെ പത്തരയോടെ പൂവച്ചല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ യോഗം തുടങ്ങിയത്.
പ്രിന്‍സിപ്പല്‍ എല്‍.ടി.പ്രിയ, പിടിഎ പ്രസിഡന്റ് ആര്‍.രാഘവലാല്‍, എസ്എംസി ചെയര്‍മാന്‍ അസിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ഇരുപക്ഷത്തു നിന്നുമായി 20 വിദ്യാര്‍ഥികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പരാതികള്‍ കേള്‍ക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു.