India

പാന്‍ 2.0 പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം

ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാന്‍ 2.0 പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയാണ് (സിസിഇഎ) പാന്‍ 2.0 പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ആദായനികുതി വകുപ്പിന് അനുമതി നല്‍കിയത്. 1435 കോടി രൂപ സാമ്പത്തിക ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഉടനീളം, ഒരു ഏകീകൃത പാന്‍ അധിഷ്ഠിത സംവിധാനം സ്ഥാപിക്കുന്നതാണ് പാന്‍ 2.0 പദ്ധതി.

നികുതിദായകരുടെ റജിസ്‌ട്രേഷന്‍ സേവനങ്ങള്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ മാറ്റത്തിലേക്ക് നയിക്കുന്നതാണ് പദ്ധതി. പദ്ധതി നടപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട ഗുണനിലവാരത്തോടെ വേഗത്തിലുള്ള സേവനം നികുതിദായകര്‍ക്ക് ഉറപ്പാക്കാന്‍ സാധിക്കും. ഇതിനുപുറമെ വിവരങ്ങളുടെ (ഡേറ്റ) സ്ഥിരത ഉറപ്പാക്കല്‍, ചെലവ് ചുരക്കല്‍, കൂടുതല്‍ സുരക്ഷ ഉറപ്പാക്കല്‍ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നിലവിലുള്ള പാന്‍/ടാന്‍ 1.0 പദ്ധതിയുടെ തുടര്‍ച്ചയാണ് പാന്‍ 2.0. ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ നികുതിദായകരുടെ റജിസ്‌ട്രേഷന്‍ സേവനങ്ങളെ നവീകരിക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പാന്‍ നമ്പര്‍ അപ്ഗ്രേഡ് ചെയ്യുന്നത് സൗജന്യമായിട്ടായിരിക്കും.

Tags: national