ശ്രാവണബലഗോളയിലേക്ക് എത്തുമ്പോഴേക്കും കാണുന്ന കാഴ്ച്ച ദൂരെയൊരു കുന്നിൽ ഉയർന്ന് നിൽക്കുന്ന ഗോമതേശ്വര പ്രതിമ ആണ് . ഭക്ഷണ സാധനങ്ങൾക്ക് അകത്തേക്ക് പ്രവേശനമില്ല വെള്ളം കൊണ്ടുപോകാം. എഴുന്നൂറോളം കരിങ്കൽ പടികൾ കയറി വേണം മുകളിലെത്താൻ. ശ്രാവണബലഗോള ജൈനമതക്കാരുടെ പുണ്യഭൂമി ആണ്. ചന്ദ്രഗുപ്തമൗര്യൻ ജൈനമതം സ്വീകരിച്ച് മോക്ഷം കൈവരിച്ച ചന്ദ്രഗിരിക്കുന്നും വിന്ധ്യാഗിരിക്കുന്നും നമ്മുടെ കുറവൻ കുറത്തി മലകളെ പോലെ പരസ്പരം നോക്കി നിൽക്കുന്ന ഇടം. ഇടയിൽ ഒരു കുളവും. ശ്രാവണബലഹോള എന്നാൽ സന്യാസിമാരുടെ വെളുത്ത കുളമെന്നും അർത്ഥമുണ്ടത്രേ. അതിൽ വിന്ധ്യാഗിരിയിലാണ് ജൈനമതത്തിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമയായ ഗോമതേശ്വർ പ്രതിമ നിൽക്കുന്നത്.
ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരനായ ഋഷഭദേവന് (ആദിനാഥൻ) രണ്ട് ഭാര്യമാരിലായി നൂറ്റിയൊന്ന് ആൺമക്കളും രണ്ട് പുത്രിമാരും. ഋഷഭദേവൻ സ്വത്തുക്കൾ മക്കളെ ഏൽപ്പിച്ച് മോക്ഷത്തിലേക്ക് പോയി. ഒന്നാമത്തെ മകനായ ഭരതൻ സാമ്രാജ്യം കൈയ്യടക്കിയപ്പോൾ മറ്റൊരു മകനായ ബാഹുബലി മാത്രം ചെറുത്തു നിന്നു. ബാക്കിയുള്ളവർ പിൻവാങ്ങി.
ബാഹുബലിയും ഭരതനും ദൃഷ്ടിയുദ്ധം, ജലയുദ്ധം, മല്ലയുദ്ധം എന്നിങ്ങനെ മൂന്നുതരത്തിലുള്ള യുദ്ധം പ്രഖ്യാപിച്ചു. ജയിക്കുന്നവർ സാമ്രാജ്യത്തിൻ്റെ അവകാശി.
ആജാനുബാഹുവായ ബാഹുബലിയുടെ ദൃഷ്ടികളിൽ എത്താൻ പറ്റാതെ ഭരതൻ പിൻവാങ്ങി. ജലയുദ്ധത്തിൽ ബാഹുബലി ജയിച്ചു. മല്ലയുദ്ധത്തിൽ ഭരതനെ തറയിലടിക്കാനായി എടുത്തുയർത്തിയ ബാഹുബലി സഹോദരനോടുള്ള ഒരു നിമിഷത്തെ സ്നേഹോർമ്മയിൽ താഴേക്ക് നിർത്തി രാജ്യം വിട്ടുകൊടുത്ത് ധ്യാനനിമഗ്നനായി. വളളിപ്പടർപ്പുകൾ ചുറ്റിയ ഒറ്റ നിൽപ്പിലും സഹോദരൻ്റെ ഭൂമിയിൽ നിലയുറപ്പിച്ചതിനാൽ സമാധാനം കിട്ടുന്നില്ല എന്ന് കണ്ട് സർവ്വവും പരിത്യജിച്ച് മോക്ഷം നേടി ഗോമതേശ്വരനായി.
ആ ഗോമതേശ്വരൻ്റെ കായോൽസർഗ്ഗഭാവത്തിലുള്ള ഒറ്റക്കൽ പ്രതിമ വിന്ധ്യാഗിരിയിൽ അന്ന് അവിടം ഭരിച്ചിരുന്ന ഗംഗാ സാമ്രാജ്യത്തിലെ മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായൻ സ്ഥാപിക്കുകയായിരുന്നു.വിന്ധ്യാഗിരിക്കുന്നിലേക്കുള്ള പ്രവേശന കവാടത്തിൽ വരച്ചിരിക്കുന്ന ചുവർ ചിത്രങ്ങളിൽ ബാഹുബലിയും ഭരതനും തമ്മിലുള്ള യുദ്ധത്തിൻ്റെ വരകൾ കാണാം..
അരിഷ്ടനേമി എന്ന ശില്പിയുടെ നിർമ്മാണ ചാതുരിയിൽ മുഖത്ത് ചെറിയ ഒരു പുഞ്ചിരിയുമായി ശരീരത്തിൽ കൈകൾ തൊടാതെ താഴ്ത്തിയിട്ട് പാദങ്ങൾ ഭൂമിയിലുറപ്പിച്ച് നഗ്നനായി നിൽക്കുന്ന ഗോമതേശ്വര പ്രതിമാഭാവമാണ് കയോൽസർഗ്ഗം. ശരീരം വെടിയുന്നതിനു തൊട്ടുമുൻപുള്ള അവസ്ഥയായാണ് ജൈനർ ഇതിനെ കണക്കാക്കുന്നത്. ആജാനുബാഹുവായ ഒരു മനുഷ്യൻ യുദ്ധത്തിൻ്റെ വിജയാഹ്ലാദത്തെ നിരാകരിച്ച് സർവ്വസംഗപരിത്യാഗിയായി നിലയുറപ്പിച്ചിരിക്കുന്ന ഇടത്ത് ജൈന പ്രാർത്ഥനകളുടെയും ജൈന തീർത്ഥാടകരുടേയും വിവിധ ജൈന തീർത്ഥങ്കരന്മാരുടെ ചെറു പ്രതിമകളുടേയും സമ്മേളനമുണ്ട്. അരിമണികളും ബദാമും ഉണക്കപ്പഴങ്ങളും നേദിച്ച ഇടങ്ങൾ. പ്രാർത്ഥനകളിൽ നിലവിളക്ക് തെളിയിക്കില്ല എന്നതും ജൈന സവിശേഷത. ചെറുവിളക്കുകൾ ചിലയിടങ്ങളിൽ കണ്ടു.
ഞങ്ങൾ നടന്നു കയറിയപ്പോൾ സമാന്തരമായി പോയ ഡോളിയിൽ വന്ന പ്രമുഖൻ പ്രത്യേകമായി ചെയ്യിച്ച വിശിഷ്ട പൂജകൾക്കായി പിച്ചളയിലോ അതോ സ്വർണ്ണത്തിലോ ഉള്ള മറ്റൊരു ബാഹുബലിയും അവിടെ എത്തി. ഭീമാകാരനായ കരിങ്കൽ പ്രതിമയുടെ കാലിൻ്റെ ഒരു വിരൽ വലിപ്പം പോലുമില്ലാത്ത അതിലും കൽപ്രതിമയിലും വെള്ളവും പാലും ധാരയായി ഒഴുകി. .