ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ബുദ്ധമതസ്മാരകങ്ങളിൽ ഒന്നാണിത്.
ബി സി മൂന്നാം നൂറ്റാണ്ടിൽ അശോകചക്രവർത്തിയുടെ ഭരണകാലത്തു സ്ഥാപിതമായ ഇത് എ ഡി പതിമൂന്നാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ബുദ്ധമത കേന്ദ്രമാണ്. ഈ സ്തൂപം 1989 ൽ ലോകപൈതൃക പട്ടികയിൽ ഇടം നേടി.
ഭോപ്പാലിൽ നിന്ന് 46 കിലോമീറ്റർ ദൂരത്താണ് സാഞ്ചി ഗ്രാമം .മധ്യപ്രദേശിൽ കൂടി യാത്ര ചെയ്യുമ്പോൾ ഹൈവേയുടെ ഇരുവശത്തും ഏക്കറുകളോളം നെല്ലും ഗോതമ്പും കൃഷി ചെയ്തിരിക്കുന്ന പാടങ്ങൾ കാണാം. സാഞ്ചിയിൽ നിന്നും ഏതാണ്ട് 8 കിലോമീറ്റർ ഇപ്പുറത്തു കൂടി ഉത്തരായണ രേഖ കടന്നു പോകുന്നു. ഭോപ്പാൽ – സാഞ്ചി ഹൈവേയുടെ രണ്ട് വശത്തും ബോർഡും അവയെ ബന്ധിപ്പിച്ചു കൊണ്ട് റോഡിൽ രണ്ട് രേഖയും വരച്ചിട്ടുണ്ട്. .ബേത്വ നദിക്കരയിൽ ചെറിയ ഒരു കുന്നിന്റെ മുകളിലാണ് സ്തൂപം സ്ഥിതി ചെയ്യുന്ന കോംപ്ലക്സ്. പ്രധാനമായും മൂന്നു സ്തൂപങ്ങളാണ് ഇവിടെയുള്ളത്. അതിൽ പ്രധാനമായ മഹാസ്തൂപത്തിലേക്കാണ് കൂടുതൽ സഞ്ചാരികൾ എത്താറുള്ളത്. അർധഗോളാകൃതിയിലുള്ള ഈ സ്തൂപത്തിനു 118 അടി വ്യാസവും 50 അടി ഉയരവും ഉണ്ട്. ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഇതിനുള്ളിലെ ചെറിയ അറകളിൽ ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നു.
എന്നാൽ ഇപ്പോൾ ഇത് മുഴുവനും ഇഷ്ടിക കൊണ്ട് മൂടിയ അവസ്ഥയിലാണ്.അർധ, ഗോളാകൃതിയിലുള്ള ഭാഗത്തിനെ അണ്ഡം എന്നും അതിനുമുകളിലായി ചതുരാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഭാഗത്തിനെ ഹാർമിക എന്നും പറയുന്നു. അതിനും മുകളിൽ കൊടിമരവും അതിൽ കുടകളും ഉണ്ട്. ഛത്രാവലി എന്നാണ് ഈ ഭാഗത്തിനെ പറയുന്നത്. ഇവയൊക്കെയും ചില പ്രത്യേക സങ്കൽപ്പങ്ങളിൽ നിർമ്മിച്ചവയാണ്. സ്തൂപത്തിനു ചുറ്റും നടക്കാൻ കല്ല് പാകിയ നടപ്പാതയും അതിന് ചുറ്റും കല്ല് കൊണ്ട് നിർമ്മിച്ച വേലിയും നാലുവശങ്ങളിലായി കവാടങ്ങളും ഉണ്ട്. ഇവയെ തോരണങ്ങൾ എന്ന് പറയുന്നു. കൽത്തൂണുകളിൽ നിർമ്മിച്ചിരിക്കുന്ന ഇവയിൽ അതിമനോഹരമായ കൊത്തു പണികൾ ഉണ്ട്. ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളും ജാതക കഥകളുമാണ് കൊത്തിവെച്ചിരിക്കുന്നത്. പ്രദക്ഷിണവഴിയിൽ ബുദ്ധ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. ചുമരുകളിൽ ചില ലിഖിതങ്ങളും കാണാം. പാലി ഭാഷയിലാണ് ഇവയൊക്കെയും . സ്തൂപം രണ്ടിലെ കൊത്തുപണികൾ കുറച്ചു കൂടി പഴക്കം ചെന്നവയാണ്. ഇത് കൂടാതെ കുറെ കൊച്ചു കൊച്ചു സ്തൂപങ്ങളും കാണുകയുണ്ടായി. ബുദ്ധശിഷ്യരുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചവയാണിത്. ബുദ്ധന്റെ ചെറിയൊരു ക്ഷേത്രവും ശ്രീലങ്കൻ ബുദ്ധമതാനുയായികൾ സംരക്ഷിക്കുന്ന മറ്റൊരു ക്ഷേത്രവും ഉണ്ട്.