India

രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വ വിഷയം പരിഗണനയിലെന്ന് കേന്ദ്രം കോടതിയില്‍

രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച വിഷയം പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍. രാഹുല്‍ ഗാന്ധി യുകെ പൗരനാണെന്നും അത് കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. പൗരത്വം സംബന്ധിച്ച വിവരം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 3 ആഴ്ചക്കുള്ളില്‍ വിശദമായ മറുപടി നല്‍കാമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂലൈയില്‍, ബിജെപി പ്രവര്‍ത്തകനായ ശിശിര്‍ സമര്‍പ്പിച്ച സമാനമായ ഹര്‍ജി ഹൈക്കോടതി തള്ളുകയും പൗരത്വ നിയമം 1955 പ്രകാരം കോമ്പീറ്റന്റ് അതോറിറ്റിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നതിനു തെളിവുകള്‍ കൈവശമുണ്ടെന്നായിരുന്നു ശിശിറിന്റെ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട്, യുകെ സര്‍ക്കാരിന്റെ ചില രഹസ്യ ഇമെയിലുകളും തന്റെ പക്കലുണ്ടെന്ന് ശിശിര്‍ അവകാശപ്പെട്ടു. കോമ്പീറ്റന്റ് അതോറിറ്റിക്ക് രണ്ട് തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ശിശിര്‍ വീണ്ടും കോടതിയെ സമീപിച്ചത്. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശിശിര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

സമാനവാദവുമായി രാഹുല്‍ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തോട് രാഹുലിന്റെ പൗരത്വം റദ്ദാക്കാനായി ആവശ്യപ്പെടണമെന്നാണ് സ്വാമി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

ബാക്കോപ്സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം ബ്രിട്ടനില്‍ 2003ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, അതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി 2019ല്‍ ആഭ്യന്തര മന്ത്രാലയത്തിന് എഴുതിയ കത്തില്‍ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വാര്‍ഷിക റിട്ടേണുകളിലെല്ലാം രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നുണ്ടെന്നാണ് സ്വാമി പറയുന്നത്.
2005 ഒക്ടബോര്‍ പത്തിനും 2006 ഒക്ടോബര്‍ 31നും ഇടയില്‍ സമര്‍പ്പിച്ച ഈ സ്ഥാപനത്തിന്റെ വാര്‍ഷിക റിട്ടേണുകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷുകാരനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്വാമി ആരോപിക്കുന്നു. 2009 ഫെബ്രുവരി പതിനേഴിന് ബാക്കോപ്സ് ലിമിറ്റഡിന്റെ പിരിച്ചുവിടല്‍ അപേക്ഷയിലും രാഹുല്‍ ഗാന്ധിയുടെ പൗരത്വം വീണ്ടും ബ്രിട്ടീഷുകാരനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്‍പതിന്റെയും 1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്നും സ്വാമി ആരോപിക്കുന്നു. 2019 ഏപ്രില്‍ 29ന് ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയം രാഹുലിന് കത്തയിച്ചിരുന്നു. വസ്തുത അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു.

രാഹുലിനോട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കത്ത് നല്‍കി അഞ്ച് വര്‍ഷം പിന്നിട്ടിട്ടും രാഹുലുമായി ബന്ധപ്പെട്ട ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്ന് ബിജെപി ആരോപിക്കുന്നു. അതിനാല്‍ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ചിരിക്കുന്നത്.

രാഹുലിനെ വിചാരണ ചെയ്യുന്നതില്‍ ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടു. ഇതിനെയാണ് പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്തത്. എന്തുകൊണ്ടാണ് രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാതിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് മറുപടി നല്‍കാന്‍ രാഹുല്‍ തയ്യാറായിട്ടില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി എക്സില്‍ കുറിച്ചു.

Tags: national