വ്ലോഗറായ യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് യുവതിയും സുഹൃത്തും അപ്പാര്‍ട്ട്മെന്റില്‍ എ്ത്തിയത്.അസം സ്വദേശിയായ മായ ഗോഗോയി എന്ന യുവതിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയത്. മായയുടെ നെഞ്ചില്‍ ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മലയാളിയായ യുവാവിനെ പൊലീസ് തിരയുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആരവ് ഹര്‍ണി എന്നയാളാണെന്നാണ് പുറത്തുവരുന്ന വിവരം.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മായയും ആരവ് ഹര്‍ണി എന്നയാളും അപ്പാര്‍ട്ട്മെന്റില്‍ ചെക്ക് ഇന്‍ ചെയ്തത്. ഞായറാഴ്ച ആരവ് മായയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. ആരവ് കണ്ണൂര്‍ സ്വദേശിയാണെന്നും ഇയാള്‍ മായയുടെ കാമുകനാണെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആരവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. അതുവരെ ഇയാള്‍ മൃതദേഹത്തിനൊപ്പം അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോറമംഗളയിലാണ് മായ ജോലി ചെയ്തിരുന്നത്. ”ഞങ്ങള്‍ സ്ഥലത്തുണ്ട്. പ്രതി കേരളത്തില്‍ നിന്നുള്ളയാളാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകിട്ട് 6 മണിക്ക് ശേഷം മാധ്യമങ്ങളെ അറിയിക്കും” – ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ (ഈസ്റ്റ്) ഡി. ദേവരാജ് പറഞ്ഞു. ഫാഷന്‍, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വിഡിയോകള്‍ പങ്കിട്ടാണ് യൂട്യൂബില്‍ മായ ഗോഗോയി ശ്രദ്ധിക്കപ്പെട്ടത്.