തൃശൂര്‍ നാട്ടികയില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ലോറിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘നടന്നത് നരഹത്യയാണ്, ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയില്‍ തുടരുകയാണ്. ഡ്രൈവറുടെ ലൈസന്‍സും ലോറിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും’- മന്ത്രി പറഞ്ഞു.
അശ്രദ്ധമായ ഡ്രൈവിംഗ് തന്നെയാണ് ഉണ്ടായത്. ഇവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടി എടുക്കും. ലോറിയുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ലോറി ഉടമയ്ക്ക് നോട്ടീസ് നല്‍കിയ ശേഷം രജിസ്‌ട്രേഷന്‍ റദ്ദാക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം അപകടത്തിനിടയായ വാഹനമോടിച്ചത് ക്ലീനറാണെന്ന് കണ്ടെത്തി. ക്ലീനര്‍ക്ക് ലൈസന്‍സ് ഇല്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഡ്രൈവര്‍ മദ്യപിച്ച് വണ്ടിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കണ്ണൂര്‍ ആലങ്ങാട് സ്വദേശികളായ ലോറി ഡ്രൈവര്‍ ബെന്നി എന്ന് ജോസ് (54), ക്ലീനര്‍ ഏഴിയാക്കുന്നേല്‍ അലക്‌സ് ജോണി (38) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാളിയപ്പന്‍ (50), ജീവന്‍ (4), വിശ്വ (1) നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്.
നാടോടികളാണ് മരിച്ച അഞ്ച് പേരും. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പടും.ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ നാലിന് നാട്ടിക ജെ.കെ തിയേറ്ററിനടുത്താണ് ദാരുണമായ സംഭവം ഉണ്ടായത്. കിടന്നുറങ്ങിയ സംഘത്തില്‍ 11 പേര്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് പെരുമ്പാവൂരിലേയ്ക്ക് പോകുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. ബാരിക്കേഡ് തകര്‍ത്തു വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.