മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നതായി സൂചന. നിയമസഭ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെയും എണ്ണിയ വോട്ടുകളുടെയും കണക്കുകളില്‍ വന്‍ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകളാണ് എണ്ണിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇലക്ഷന് കമീഷന് ഓഫ് ഇന്ത്യ (ഇസിഐ)യുടെ കണക്കുകള്‍ പ്രകാരം 66.06 ശതമാനം പോളിങ്ങാണ് നടന്നത്. 64,088,19 പേര് വോട്ട് രേഖപ്പെടുത്തി. (30, 437, 057 സ്ത്രീകളും 33,437, 057 പുരുഷന്മാരും). എന്നാല്‍ ഫലപ്രഖ്യാപനദിവസം ആകെ എണ്ണിയത് 64,592,508 വോട്ടുകളാണെന്നാണ് കണക്ക്. പോള്‍ ചെയ്തതിനേക്കാള്‍ 5, 04, 313 വോട്ടുകളാണ് അധികം എണ്ണിയത്.
എട്ട് മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറവായിരുന്നു എണ്ണിയതെങ്കില്‍, ബാക്കിയുള്ള 280 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകളാണ് എണ്ണിയത്. അഷ്തി മണ്ഡലത്തില്‍ പോള്‍ ചെയ്തതിനേക്കാള്‍ 4,538 വോട്ടുകള്‍ കൂടുതല്‍ എണ്ണി. ഒസ്മാനാബാദില്‍ 4,155 വോട്ടുകളുടെയും വ്യത്യാസം രേഖപ്പെടുത്തി. ഈ രണ്ട് മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ വോട്ടുവ്യത്യാസം രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പോളിങ്ങ് ബൂത്തുകളില്‍ സ്വാധീനവും ക്രമക്കേടും നടന്നതായും ആരോപണം ഉയരുന്നുണ്ട്. ക്രമക്കേടുകള്‍ പുറത്തുവന്നതോടെ 2024 മെയില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെപ്പറ്റിയും ആശങ്കകള്‍ ഉയരുന്നുണ്ട്. റെക്കോഡ് പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പോളിങ്ങ് ശതമാനത്തിലും വോട്ടുകളുടെ കണക്കിലും 5- 6 ശതമാനം വരെ വ്യത്യാസം ഉണ്ടെന്നു കാണിച്ച് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റീഫോര്ംസ് സുപ്രീംകോടതിയില്‍ പെറ്റീഷന് നല്‍കിയിരുന്നു. എന്നാല്‍ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.