News

കായലിലൂടെ നടക്കാൻ ആ​ഗ്രഹമുണ്ടോ ? വരൂ… സാമ്പ്രാണിക്കോടി ദ്വീപുകളിലേക്ക് പോകാം

കായലിന്റെ ഒത്തനടുക്ക് ഒരു ദ്വീപ്, അതാണ് സാമ്പ്രാണിക്കോടി ദ്വീപുകൾ. കൊല്ലം ജില്ലയിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. കായലിന്റെയും കണ്ടൽക്കാടുകളുടെയും സൗന്ദര്യം ആസ്വദിക്കാൻ പറ്റുന്ന ഇടമാണ് സാമ്പ്രാണിക്കോടി. ഇതിനൊക്കെപ്പുറമെ കായലിലൂടെ നമുക്ക് നടക്കാം എന്നതാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. കേരളത്തിലെ ഏറ്റവും ആഴം കൂടിയ കായലായ അഷ്ടമുടിക്കായലിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. അഷ്ടമുടിക്കായലിന്‍റെ തെക്കേ അറ്റത്തുള്ള സാമ്പ്രാണിക്കോടി ദ്വീപിൽ ഇറങ്ങി മുട്ടൊപ്പം വെള്ളത്തിൽ നടന്നുനീങ്ങുന്നത് പ്രത്യേക അനുഭൂതിയാണ്. സമൃദ്ധമായ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട ജലപാതകളുടെ അതിമനോഹരമായ കാഴ്ച ഇവിടം സമ്മാനിക്കുന്നു. കാവനാട്ട് നിന്നാണ് ബോട്ട് സർവീസ് ആരംഭിക്കുന്നത്. മിതമായ നിരക്കേ ടിക്കറ്റിന് ഈടാക്കുന്നുള്ളൂ. അഞ്ച് മിനിറ്റുകൊണ്ട് ഇവിടെ നിന്നും സാമ്പ്രാണിക്കോടിയിൽ എത്തിച്ചേരാൻ കഴിയും. കുറച്ചുസമയം ബോട്ടിൽ സഞ്ചരിച്ച് പിന്നെ നമുക്ക് വെള്ളത്തിൽ ഇറങ്ങി നടന്ന് നീങ്ങാവുന്നതേയുള്ളൂ. ഇവിടെ എത്തിച്ചേർന്നാൽ പിന്നെ സമയം പോകുന്നത് പോലും അറിയില്ല. മീൻപിടുത്തം, ചെമ്മീൻ ശേഖരണം, എന്നിങ്ങനെ നിരവധി രസകരമായ പ്രവർത്തനങ്ങളിൽ നമുക്ക് ഏർപ്പെടാം.

അഷ്ടമുടിക്കായലിൽ ഏതാനും വർഷം മുൻപു രൂപം കൊണ്ടതാണു തുരുത്ത്. ദേശീയ ജലപാതയ്ക്കു വേണ്ടി കായലിന്റെ ആഴം കൂട്ടുന്നതിനു ഡ്രജ് ചെയ്ത മണ്ണു കൂട്ടിയിട്ട സ്ഥലമാണ് പിന്നീട് സാമ്പ്രാണിക്കോടി ദ്വീപുകളായി മാറിയത്. രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെയാണ് സാമ്പ്രാണിക്കോടി ദ്വീപുകളിലേക്ക് പോകാൻ സമയം അനുവദിച്ചിരിക്കുന്നത്. പ്രാക്കുളം, മണലിൽ ക്ഷേത്രക്കടവ്, കുരീപ്പുഴ പള്ളിക്കടവ് എന്നിവിടങ്ങളിൽനിന്ന് ഓൺലൈൻ ബുക്കിങ്‌ സൗകര്യത്തോടെ പ്രവേശനമുണ്ട്. തുരുത്തിനോടു ചേർന്ന് വള്ളത്തിൽ തന്നെ ഊണ്, ലഘു പാനീയങ്ങൾ എന്നിവ ലഭിക്കുമന്നത് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. കണ്ടറിഞ്ഞും കേട്ടറിഞ്ഞും നിരവധി ആളുകളാണ് വിനോദസഞ്ചാരത്തിനായി ഇവിടേക്ക് എത്തുന്നത്. ജില്ലയുടെ പുറത്തുനിന്ന് പോലും നിരവധി സഞ്ചാരികള്‍ എത്തിയതോടെ കൂടുതല്‍ ബോട്ടുകളും ഇവിടേക്ക് സര്‍വീസ് തുടങ്ങി.