പാക്കിസ്ഥാനില്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടല്‍ നടന്നതിനെ തുടര്‍ന്ന് ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവിറക്കി സര്‍ക്കാര്‍. പാക്കിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലില്‍ 6 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരുക്കേറ്റു. 4 അര്‍ധ സൈനികരും 2 പൊലീസുകാരുമാണ് മരിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം കൂടുതല്‍ അക്രമാസക്തമായത്. പ്രതിഷേധക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു.
താനടക്കമുള്ള എല്ലാ തടവുകാരെയും മോചിപ്പിക്കാനും ജുഡീഷ്യറിയേക്കാള്‍ അധികാരം സര്‍ക്കാരിന് നല്‍കുന്ന ഭരണഘടനാ ഭേദഗതി റദ്ദാക്കാനും സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന ഇമ്രാന്‍ ഖാന്റെ ആഹ്വാനം അനുസരിച്ചാണ് പിടിഐ പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിനിറങ്ങിയത്.
സര്‍ക്കാര്‍ ഇസ്ലാമാബാദില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധമുണ്ടായാല്‍ വെടിവയ്ക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പറഞ്ഞു. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈവേകള്‍ അടച്ചതായും വിവരമുണ്ട്.