Kerala

ശബരിമലയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണത്തില്‍ എക്സിക്യൂട്ടീവ് ഓഫിസറോട് വിശദീകരണം തേടി ഹൈക്കോടതി

ശബരിമല തിരുമുറ്റത്തും സോപാനത്തിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണത്തില്‍ എക്സിക്യൂട്ടീവ് ഓഫിസറോട് വിശദീകരണം തേടി ഹൈക്കോടതി. സര്‍ക്കാര്‍ അതീവ സുരക്ഷ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ് ശബരിമല. ഇതിന്റെ ഭാഗമായി സോപാനത്തും തിരുമുറ്റത്തും വീഡിയോ ചിത്രീകരണവും മൊബൈല്‍ ഫോണുകളുടെ ഉപയോഗവും ഹൈക്കോടതി തന്നെ വിലക്കിയിട്ടുണ്ട്.

എന്നാല്‍, ശബരിമല തിരുമുറ്റത്ത് നിന്ന് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇത് അനുവദിക്കാനാകില്ലെന്നാണ് കോടതിയുടെ നിലപാട്. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നാണ് ഹൈക്കോടതി എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

പതിനെട്ടാം പടിയില്‍ നിന്ന് പൊലീസ് ഫോട്ടോയെടുത്ത സംഭവം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഭക്തരില്‍ നിന്നും അനധികൃതമായി വില ഈടാക്കുന്ന കടകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. നിലയ്ക്കല്‍, പമ്പ, സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റുകള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.

നിശ്ചിത ഇടവേളകളില്‍ കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. ഹോട്ടലുകളില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും അമിത വില ഈടാക്കുന്നുണ്ടെന്നും നേരത്തെ പരാതിയുയര്‍ന്നിരുന്നു.

എഡിജിപി റിപ്പോര്‍ട്ട് തേടി: പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞുനിന്ന് പൊലീസുകാര്‍ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തില്‍ എഡിജിപിയും ശബരിമല പൊലീസ് ചീഫ് കോഡിനേറ്ററുമായ എസ്.ശ്രീജിത്ത് സന്നിധാനം സ്പെഷ്യല്‍ ഓഫിസറോട് റിപ്പോര്‍ട്ട് തേടി. തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പൊലീസ് ബാച്ചില്‍ ഉള്‍പ്പെട്ട പതിനെട്ടാം പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന മുപ്പതോളം പൊലീസുകാര്‍ പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞ് നിന്ന് നടത്തിയ ഫോട്ടോഷൂട്ട് വിവാദമായതിനെ തുടര്‍ന്നാണ് എഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പതിനെട്ടാം പടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച ശേഷം പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഭക്തര്‍ക്ക് പോലും ഫോട്ടോ എടുക്കാന്‍ കര്‍ശന വിലക്കുള്ളപ്പോഴാണ് പൊലീസുകാര്‍ പതിനെട്ടാം പടിയില്‍ കയറി നിന്ന് ഫോട്ടോ ഷൂട്ട് നടത്തിയതെന്നും വിമര്‍ശനം ഉയര്‍ന്നു.

സംഭവം വിവാദമായജോടെ ഹിന്ദു ഐക്യവേദിയും, ക്ഷേത്ര സംരക്ഷണ സമിതിയും അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ പൊലീസ് നടത്തിയത് ആചാരലംഘനമാണെന്ന് ആരോപണവുമായി രംഗത്ത് എത്തി. ഇതിന് പിന്നാലെയാണ് സംഭവം സംബന്ധിച്ച് റിപ്പോര്‍ട്ട് എഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.

Tags: Kerala