Kerala

കെഎം ഷാജിക്കെതിരെ ഒരു തെളിവുമില്ല…കെഎം ഷാജിക്കെതിരെ സര്‍ക്കാരും ഇഡിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

പ്ലസ്ടു കോഴ കേസില്‍ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ സര്‍ക്കാരും ഇഡിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. 54 സാക്ഷി മൊഴികള്‍ പരിശോധിച്ചതില്‍ ഷാജി പണം ചോദിച്ചെന്ന് മൊഴികളൊന്നുമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാണിച്ചു തരാമോ എന്ന് സുപ്രീം കോടതി ചോദിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

ഇങ്ങനെയെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും എളുപ്പത്തില്‍ കേസില്‍ പ്രതിയാക്കാമല്ലോ എന്നും കോടതി ചോദിച്ചു. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഇഡി ഷാജിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി തള്ളി. അന്വേഷണം പൂര്‍ത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം.

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 2014 ല്‍ കെഎം ഷാജിക്ക് മാനേജ്‌മെന്റ് 25 ലക്ഷം രൂപ കൈക്കൂലി നല്‍കി എന്നായിരുന്നു ആരോപണം. ഇത് ചൂണ്ടിക്കാട്ടി സിപിഎം പ്രാദേശിക നേതാവ് 2017 ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.

2020ലാണ് പരാതിയില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഇഡിയും കേസെടുത്തു. 2022 ജൂണ്‍ 19 ന് കേസില്‍ കേരള ഹൈക്കോടതി കെഎം ഷാജിയെ കുറ്റവിമുക്തനാക്കി. ഇത് ചോദ്യം ചെയ്താണ് ഇഡി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദും സുപ്രീം കോടതിയില്‍ ഹാജരായി. കെഎം ഷാജിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയലും അഭിഭാഷകന്‍ ഹാരിസ് ബീരാനും ഹാജരായി.

Tags: Kerala