ഭരണഘടനാ ദിനാചരണത്തില്‍ ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന തീവ്രവാദ സംഘടനകള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു.
”ജനാധിപത്യത്തിന്റെ ഈ നിര്‍ണായക ഉത്സവം നാം അനുസ്മരിക്കുന്ന വേളയില്‍, ഇന്ന് മുംബൈയിലെ ഭീകരാക്രമണത്തിന്റെ വാര്ഷികമാണെന്നത് മറക്കാനാവില്ല. ഈ ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന എല്ലാ തീവ്രവാദ സംഘടനകള്‍ക്കും തക്കതായ മറുപടി നല്‍കുമെന്ന രാജ്യത്തിന്റെ ദൃഢനിശ്ചയം ഞാന്‍ ആവര്‍ത്തിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടന ഒരു വക്കീലിന്റെ രേഖ മാത്രമല്ല, എല്ലാവര്ക്കും വഴികാട്ടുന്ന വെളിച്ചമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.’ഭരണഘടനയാണ് നമ്മുടെ വഴികാട്ടി, അത് നമുക്ക് ശരിയായ പാത കാണിച്ചുതരുന്നു. അടിയന്തരാവസ്ഥ കാലഘട്ടവും ഞങ്ങള്‍ കണ്ടിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലും ആദ്യമായി ഭരണഘടന പൂര്‍ണമായും നടപ്പാക്കിയതായി പ്രധാനമന്ത്രി മോദി പറഞ്ഞു.
”ഞങ്ങള്‍ രാജ്യത്ത് അടിയന്തരാവസ്ഥ കണ്ടു – ജനാധിപത്യത്തിന് മുന്നില്‍ ഉയര്‍ന്നുവന്ന ഈ വെല്ലുവിളിയെ നമ്മുടെ ഭരണഘടന നേരിട്ടു. ഇന്ന് ജമ്മു കശ്മീരില്‍ ബാബാസാഹെബ് അംബേദ്കറുടെ ഭരണഘടന പൂര്‍ണമായി നടപ്പാക്കുന്നത് ഭരണഘടനയുടെ ശക്തിയാണ്. ഇന്ന് ആദ്യമായി അവിടെ ഭരണഘടനാ ദിനം ആഘോഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.