Kerala

കാറില്‍വെച്ച് മോശമായി പെരുമാറി… നടന്‍ മണിയന്‍പിള്ള രാജുവിനെതിരെ പൊലീസ് കേസ്

കാറില്‍വെച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന നടിയുടെ ആരോപണത്തില്‍ നടന്‍ മണിയന്‍പിള്ള രാജുവിനെതിരെ പൊലീസ് കേസ്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. ഇടുക്കി പീരുമേട് പൊലീസാണ് കേസെടുത്തത്. 2009ല്‍ കുട്ടിക്കാനത്തെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കാറില്‍വെച്ച് മണിയന്‍പിള്ള രാജു ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയുമുണ്ട്. നടന്റെ പെരുമാറ്റം മാനഹാനിയുണ്ടാക്കിയെന്നും നടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എറണാകുളം സ്വദേശിയായ നടിയുടെ പരാതിയില്‍ നേരത്തെ മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തിരുന്നു. ഐപിസി 356, 376 വകുപ്പുകള്‍ പ്രകാരമാണ് മണിയന്‍പിള്ള രാജുവിനെതിരെ കേസെടുത്തത്. ഡാ തടിയാ എന്ന സിനിമയുടെ സെറ്റില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. മണിയന്‍പിള്ള രാജുവുമൊത്ത് ഒരുമിച്ച് സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചെന്നും മുറിയുടെ വാതിലില്‍ മുട്ടിയെന്നുമാണ് നടിയുടെ പരാതി.

അതേസമയം നടിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മണിയന്‍പിള്ള രാജു എത്തിയിരുന്നു. പണം തട്ടാന്‍ വേണ്ടിയും അവസരം കിട്ടാത്തത്തില്‍ ദേഷ്യമുള്ളവരും അടക്കം ആരോപണവുമായി വരും. ആരോപണങ്ങളുടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം വേണമെന്നും താരം പറഞ്ഞിരുന്നു.

തനിക്ക് എതിരായ ആരോപണം തെറ്റാണ്. ഞാന്‍ തെറ്റുകാരന്‍ ആണെങ്കില്‍ എന്നെയും ശിക്ഷിക്കണം. എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ അന്വേഷിക്കട്ടെ. വഴിവിട്ട രീതിയില്‍ അമ്മയില്‍ അംഗത്വം എടുക്കാന്‍ സാധിക്കില്ല. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയില്‍ മിന്നുവിനൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: Kerala