Kerala

ഇനിയും അവനോടൊപ്പം മകള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് പിതാവ്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിനെ കോടതി റിമാന്‍ഡ് ചെയ്തു. കേസ് ഇനി 29-ാം തീയതി കോടതി പരിഗണിക്കും. ഇനിയും അവനോടൊപ്പം ജീവിക്കാന്‍ കഴിയില്ല. മകളെ തിരികെ എറണാകുളത്തെ വീട്ടിലേക്ക് കൊണ്ടുപോരുകയാണ്.”, പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്.

പറവൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭക്ഷണത്തില്‍ ഉപ്പ് പോരെന്നതടക്കമുള്ള കാരണങ്ങള്‍ പറഞ്ഞ് ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പുതിയ പരാതിയുമായാണ് യുവതി പൊലീസിനെ സമീപിച്ചത്. മുഖത്തും ശരീരത്തിലും മര്‍ദ്ദനമേറ്റത്തിന്റെ പാടുകളുമായി ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ യുവതി ഇന്ന് രാവിലെയാണ് സ്വന്തം വീട്ടുകാര്‍ക്കൊപ്പം പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയത്.

ഇക്കഴിഞ്ഞ മേയിലാണ് രാഹുലിനെതിരെ യുവതി ആദ്യം ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. പിന്നാലെ വിദേശത്തേക്ക് കടന്ന രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. ഇതിനിടെ പരാതി പിന്‍വലിക്കുകയാണെന്നും രാഹുലിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് റദ്ദാക്കിയ കോടതി യുവതിയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.

Tags: Kerala