India

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ… ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ബുധനാഴ്ച അവധി

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ആഴത്തിലുള്ള ന്യൂനമര്‍ദമായി മാറിയെന്നും നവംബര്‍ 27 ബുധനാഴ്ച ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചെന്നൈയിലും സമീപ പ്രദേശങ്ങളായ ചെങ്കല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലും മഴ തുടരുകയാണ്.

നാഗപട്ടണം, മയിലാടുതുറൈ, തിരുവാരൂര്‍ എന്നിവ ഉള്‍പ്പെടെ നിരവധി ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അയല്‍ സംസ്ഥാനമായ പുതുച്ചേരിയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലെയും കാരയ്ക്കലിലെയും എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി അറുമുഖം നമശിവായം അറിയിച്ചു.

ആവശ്യത്തിനു ദുരിതാശ്വാസ ക്യാംപുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് എന്‍ഡിആര്‍എഫിന്റെ ഏഴു ടീമുകളെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

Tags: national