Kerala

നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണം… അറസ്റ്റിലായ 3 പേരുടെയും ഫോണുകള്‍ പിടിച്ചെടുത്തു

നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ അറസ്റ്റിലായ 3 പേരുടെയും ഫോണുകള്‍ പിടിച്ചെടുത്തു. കേസില്‍ പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധന വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പൊലീസ് കോടതിക്ക് കൈമാറി. ഡിവൈഎസ്പിക്കാകും ഇനി അന്വേഷണ ചുമതല. അറസ്റ്റിലായ മൂന്ന് വിദ്യാര്‍ഥിനികളുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു.

പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് കഴിഞ്ഞ ദിവസം കേസില്‍ അറസ്റ്റിലായത്. വിദ്യാര്‍ഥിനികളും അമ്മുവുമായുള്ള തര്‍ക്കവും അതില്‍ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും പ്രതികള്‍ക്ക് എതിരായി. സഹപാഠികള്‍ക്കെതിരെ അമ്മു കോളജ് പ്രിന്‍സിപ്പലിനു നല്‍കിയ കുറിപ്പും കേസിന്റെ ഭാഗമാക്കി. നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിക്കുന്നത്.

അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍ അഖില്‍ സജീവ് പറഞ്ഞു. അറസ്റ്റിലായ മൂന്നു സഹപാഠികള്‍ക്കും കോളേജിനും ഹോസ്റ്റലിനും അമ്മുവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് കുടുംബം പറയുന്നത്. ഇതെക്കുറിച്ച് കുടുംബം പോലീസിന് വിശദമായ മൊഴി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തില്‍ കുടുംബം തൃപ്തരാണ്. അമ്മുവിന്റെ ഫോണ്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചു.

കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവാണ് കുടുംബം ആരോപിക്കുന്നത്. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്നത്തില്‍ പരാതി നല്‍കിയിട്ടും അതില്‍ ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ല. പ്രശ്നങ്ങളെല്ലം സംസാരിച്ച് പരിഹരിച്ചതാണെന്ന തീര്‍ന്നിരുന്നുവെന്ന കോളേജ് അധികാരികളുടെ വാദം അമ്മുവിന്റെ കുടുംബം തള്ളി.

ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടില്‍ അമ്മു എ.സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. പരിക്കേറ്റ നിലയിലെത്തിച്ച വിദ്യാര്‍ഥിനിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരുന്നെന്നും 108 ആംബുലന്‍സില്‍ വിടാന്‍ ആലോചിച്ചപ്പോള്‍ കുട്ടിക്കൊപ്പം വന്നവരാണ് തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

കുടുംബം ആവശ്യപ്പെട്ടാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതെന്ന, പത്തനംതിട്ട ജനറല്‍ ആശുപത്രി അധികൃതരുടെ വാദം സഹോദരന്‍ നിഷേധിച്ചു. അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ കുടുംബം ആവശ്യപ്പെട്ടിട്ടില്ല. അമ്മുവിന്റെ ഒപ്പമുണ്ടായിരുന്ന ആരോ ഒരാള്‍ തെറ്റിദ്ധരിപ്പിച്ചാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. അത് ആരാണെന്ന് അറിയില്ല. അമ്മയുടെ വീട് കോട്ടയമാണ്. അടുത്തുള്ള കോട്ടയത്തേക്ക് കൊണ്ടുപോകാതെ തിരുവനന്തപുരത്തേക്ക് എത്തിക്കാന്‍ കുടുംബം ഒരിക്കലും ആവശ്യപ്പെടില്ല. ആശുപത്രിയില്‍ കാലതാമസമുണ്ടായി. ഹോസ്റ്റലില്‍ ആ ദിവസം പലതും സംഭവിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായും അഖില്‍ പറഞ്ഞു.

Tags: Kerala