Kerala

ആദിവാസി കുടിലുകള്‍ തകര്‍ത്ത സംഭവം ന്യായീകരിക്കാന്‍ കഴിയാത്ത പ്രവൃത്തിയെന്ന് മന്ത്രി

വയനാട് ആദിവാസി കുടിലുകള്‍ തകര്‍ത്ത സംഭവം ന്യായീകരിക്കാന്‍ കഴിയാത്ത പ്രവൃത്തിയെന്ന് മന്ത്രി ഒ ആര്‍ കേളു. തകര്‍ത്ത കുടിലുകള്‍ അവര്‍ തന്നെ പണിത് നല്‍കുമെന്ന് അറിയിച്ചു. പൊളിച്ച സ്ഥാനത്ത് തന്നെ കെട്ടിക്കൊടുക്കാനാണ് നിര്‍ദേശം. നിയമപരമായ കാര്യങ്ങള്‍ വനംവകുപ്പ് നോക്കണം.

കുടിലുകള്‍ വീണ്ടും കെട്ടിക്കൊടുക്കാമെന്ന നിര്‍ദേശം വെച്ചത് വനംവകുപ്പ് തന്നെയാണ് എന്നും മന്ത്രി പറഞ്ഞു. കുടിലുകള്‍ പൊളിച്ചു കളഞ്ഞത് തെറ്റാണെന്നും ഇത് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു . പരസ്പരം ആലോചിക്കാതെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും മന്ത്രി പറഞ്ഞു.

തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ ബേഗൂരിലായിരുന്നു വനം വകുപ്പിന്റെ ക്രൂരത. 16വര്‍ഷമായി താമസിച്ചിരുന്ന കുടുംബങ്ങള്‍ക്കാണ് രാത്രി ഇരുട്ടിവെളുക്കും മുമ്പേ കുടിലുകള്‍ നഷ്ടമായത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലത്തെത്തി തങ്ങളോട് ഷെഡ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു,

എന്നാല്‍ പുതിയ ഷെഡ് പണിയാതെ കുടില്‍ ഒഴിയില്ലെന്ന് കുടുംബങ്ങള്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് കുടിലുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പൊളിച്ചുനീക്കിയത്. സംഭവത്തില്‍ കുടുംബങ്ങള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടുത്ത നടപടി സ്വീകരിച്ചതായി വനം വകുപ്പ് മന്ത്രി അറിയിച്ചു.

Tags: Kerala