മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. പ്രത്യേക അന്വേഷണ സംഘത്തലവനാണ് നിർദ്ദേശം നൽകിയത്. ഇത് ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേ? കൊലപാതകമാണ് എന്നാണോ പറയുന്നത് എങ്കിൽ എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്നും ഹൈക്കോടതി ചോദിച്ചു. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ വാദം ഡിസംബർ 6 ന് കോടതി പരിഗണിക്കും.
അതേ സമയം നവീൻ ബാബുവിൻ്റേത് കൊലപാതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് കോടതി ഹർജിക്കാരിയോട് ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് പറയുന്നതിൽ പ്രതി രാഷ്ട്രീയ നേതാവ് ആണെന്നതിൽ ഉപരി മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും കോടതി ചോദിച്ചു. അതേസമയം ഹർജി തീർപ്പാക്കുന്നതു വരെ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിക്കുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയാണ് മരണത്തിൽ ദുരൂഹത അരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രത്തിൽ വരുന്നത് കെട്ടിച്ചമച്ച തെളിവുകൾ എന്ന് ഹർജിക്കാരി അരോപിക്കുന്നത്.അതേസമയം സിബിഐ അന്വേഷണം അല്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണമെങ്കിലും മതിയെന്ന് ഹർജിക്കാരി വ്യക്തമാക്കിയിട്ടുണ്ട്.