Features

ഇതും പറഞ്ഞ് ആരും സര്‍ക്കാരിന്റെ ‘ കരുതലും കൈത്താങ്ങും’ അദാലത്തില്‍ വരേണ്ടതില്ല: മുന്‍കൂര്‍ ജാമ്യം എടുത്തുള്ള പരിപാടി അടുത്ത മാസം 9ന് ആരംഭിക്കും; പൊതുജനങ്ങളുടെ പരാതിയില്‍ അധികവും ഇതൊക്കെയാണ് തൊഴിലളി സര്‍ക്കാരേ ?

ജനങ്ങള്‍ ദൈനംദിനം അനുഭവിക്കുന്നതും നേരിടുന്നതുമായ വിഷയങ്ങള്‍ എല്ലാം മാറ്റിവെച്ച്, മറ്റു വിഷയങ്ങളില്‍ പരിഹാരം നല്‍കുന്നതിന് ഇടതുപക്ഷ സര്‍ക്കാര്‍ അദാലത്ത് സംഘടിപ്പിക്കുമ്പോള്‍, അതിന്റെ ഗുണഭോക്താക്കള്‍ ആരായിരിക്കും എന്നതാണ് പ്രശ്‌നം. നവകേരള സദസ്സ് മറക്കാന്‍ കഴിയാത്ത ഒരു അനുഭവമായി കേരളീയരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. അന്ന് മന്ത്രിമാര്‍ക്ക് കൂട്ടത്തോടെ സഞ്ചരിക്കാന്‍ കോടികള്‍ മുടക്കി എടുത്ത ബസും, അതിനു വഴിയൊരുക്കാന്‍ സ്‌കൂള്‍ മതില്‍ പൊളിച്ചതും, അപകടത്തില്‍പ്പെട്ടതും, പിന്നെ, മുഖ്യമന്ത്രിയും പരിവാരങ്ങളും ബസിന്റെ മുന്നിലും പിന്നിലുമൊക്കെ പോയതല്ലാതെ പരിഹാരം കണ്ട കഥകളൊന്നും ഇതുവരെ പുറത്തറിഞ്ഞിട്ടില്ല.

ജനസ്‌നപര്‍ക്കമെന്നാല്‍, ജനങ്ങളെ കാണാന്‍ വരികയും, സര്‍ക്കാരിന്റെ ദുരിതങ്ങള്‍ ജനങ്ങളെ അറിയിക്കുകയും ആണ് എന്നാണ് അന്ന് പറഞ്ഞത്. അതിന്റെ പേരില്‍ തമ്മില്‍ത്തര്‍ക്കവും ഉണ്ടായത് മറക്കാനാവില്ല. അതെല്ലാം കഴിഞ്ഞ് ഉപതെരഞ്ഞെടുപ്പിലെ ചേലക്കര വിജയം മാത്രം ഊര്‍ജ്ജമാക്കിയാണ് പുതിയ അദാലത്ത് നടത്തുന്നത്. ഈ അദാലത്തിലെങ്കിലും പഴയ നവകേരളാ സദസ്സിലെ പരാതികള്‍ക്ക് പരിഹാരം കണ്ടാല്‍ നന്ന്. ഇല്ലെങ്കില്‍ വീണ്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇറങ്ങിയതാണെന്ന് പറയേണ്ടി വരും.

ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുക എന്നത് ഒരു സര്‍ക്കാരിന്റെ പ്രകാഥമിക ഉത്തരവാദിത്വമാണ്. സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്നത് ജന പ്രതിനിധികളുടേതാണ്. അതിനാണ് ‘കരുതലും കൗത്താങ്ങും’ എന്ന പേരില്‍ അദാലത്ത് നടത്തുന്നതെന്നാണ് ഭാഷ്യം. എന്നാല്‍, ജനങ്ങളുടെ പരാതികളെ തംരതിരിക്കുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടേതല്ലാതായി തീരുകയാണ്. മറ്റാരോ നടത്തുന്ന അദാലത്തില്‍ ജനങ്ങളുടെ പരാതി പരിഹരിക്കപ്പെടുന്നു എന്നും, അതില്‍ പരിഹരിക്കപ്പെടേണ്ട കാര്യങ്ങള്‍ ഇവയാണെന്നുംമുള്ള തിട്ടൂരം നടപ്പാക്കല്‍ പോലെയാകുന്നു. നോക്കൂ, ഇവിടെ സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന്. അദാലത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍, പരിഗണിക്കേണ്ടാത്ത വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് ഉത്തരവില്‍ പ്രത്യേകമായി പരാമര്‍ശിക്കുന്നുണ്ട്.

നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, ലൈഫ് മിഷന്‍, പ്രൊപ്പോസല്‍, ജോലി ആവശ്യപ്പെട്ടു കൊണ്ടുള്ളവ, പി.എസ്.സി സംബന്ധമായ വിഷയങ്ങള്‍, വായ്പ എഴുതി തള്ളല്‍, പോലിസ് കേസുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരം മാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനായുള്ള അപേക്ഷകള്‍, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികില്‍സ സഹായം ഉള്‍പ്പെടെയുള്ള), ജീവനക്കാര്യം (സര്‍ക്കാര്‍), റവന്യു റിക്കവറി വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും തുടങ്ങിയ ജനകീയ വിഷയങ്ങള്‍ അദാലത്തില്‍ പരിഗണിക്കേണ്ടാത്ത വിഷയങ്ങളുടെ പട്ടികയിലാണ്.

ആഹാ എത്ര കരുതലാണ് സര്‍ക്കാരിനുള്ളത്. കൈത്താങ്ങാകേണ്ട വിഷയങ്ങള്‍ മറ്റെന്തൊക്കെയാണ്. പോലീസ് കേസുകളും, അതില്‍ ന്യായമായ തീരുമാനങ്ങളും ഇല്ലാത്ത എത്രയോ കേസുകളുണ്ട്. സര്‍ക്കാര്‍ തലത്തില്‍ തീര്‍ക്കാനാവുന്ന കേസുകള്‍ തീര്‍ക്കാനാകാത്തതെന്താണ്. ജോലി സംബന്ഘമായ കേസലുകള്‍ എന്തു കൊണ്ടാണ് പരിഗണിക്കാത്തത്. ഇങ്ങനെ നൂറായിരം ചോദ്യങ്ങളുണ്ട് ജനങ്ങള്‍ക്ക്. ഇനി സര്‍ക്കാര്‍ പരിഗണിക്കുന്ന വിഷയങ്ങളുടെ ഉപഭോക്താക്കള്‍ ആരാണ്. സമൂഹത്തില്‍ ഇടപെടല്‍ നടത്തുന്നവരുടേതല്ലെന്നുറപ്പാണ്. തന്റെ അടുത്ത് വരുന്നതാരെന്നു പോലും നോക്കാതെ, കിട്ടുന്ന പരാതികളെല്ലാം കൈനീട്ടി വാങ്ങി ചിരിച്ചു കൊണ്ട് നോക്കാം എന്നു പറഞ്ഞിരുന്ന ഒരു മുഖ്യമന്ത്രിയെ ഇവിടെയെല്ലാം ഓര്‍ക്കാനാകും.

ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഇടതുപക്ഷ നേതാക്കള്‍ വരെ സധൈര്യം കയറിച്ചെല്ലുമ്പോള്‍ ആശ്വാസം കിട്ടുമെന്ന ഉറപ്പാണുള്ളത്. പക്ഷെ, ഇവിടെ അതില്ല എന്ന ഇരുട്ടുണ്ട്. അത് മാറിയിട്ടില്ല. ഇരുമ്പു മറയ്ക്കുള്ളില്‍ നിന്നുള്ള കരുതലും കൈത്താങ്ങും ആരാണ് ഉള്‍ക്കൊള്ളുക. 2024 ഡിസംബര്‍ 9 മുതല്‍ 2025 ജനുവരി 13 വരെയാണ് പരാതി പരിഹരിക്കാന്‍ താലൂക്ക് തല അദാലത്ത് നടത്താന്‍ മന്ത്രിമാര്‍ ഒരുങ്ങുന്നത്. പൊതുജനങ്ങളുടെ പരാതികള്‍ വേഗത്തിലും കാര്യക്ഷമതയോടെയും പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വിവിധ തലങ്ങളില്‍ പല ഘട്ടങ്ങളിലായി അദാലത്തുകള്‍ സംഘടിപ്പിച്ചത്. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 2023 ഏപ്രില്‍-മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തും നടത്തിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയാണിത്. ഈ താലൂക്ക് അദാലത്തുകളുടെ നേതൃപരമായ ചുമതലകള്‍ വിവിധ മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഭൂമി സംബന്ധമായ വിഷയങ്ങള്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍, വയോജന സംരക്ഷണം, റവന്യു റിക്കവറി, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പരാതികള്‍ അദാലത്തുകളില്‍ പരിശോധിക്കും. എന്നാല്‍, പരിഗണിക്കപ്പെടാതിരിക്കുന്ന പ്രധാന വിഷയങ്ങള്‍ എല്ലാം ജനകീയമായ. വിഷയങ്ങളില്‍പ്പെടുന്നതാണ്.

എന്തുകൊണ്ടാണ് ഈ ജനകീയ വിഷയങ്ങള്‍ അദാലത്തില്‍ നിന്ന് നിന്ന് ഒഴിവാക്കി എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. കടുത്ത സാമ്പത്തിക പരാധീനതയില്‍ നില്‍ക്കുന്ന കേരളം വീണ്ടും ഒരു ചെലവിടലിലേക്കാണ് പോകുന്നത്. അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് മാത്രം 25.85 ലക്ഷം രൂപയും ഓരോ താലൂക്കിനും 3 ലക്ഷം രൂപയും ചെലവാകും. ആകെ 78 താലൂക്കുകളാണ് ഉള്ളത്. താലൂക്ക് അദാലത്തിന് മാത്രം 2.34 കോടി. സംസ്ഥാന തല ഉദ്ഘാടനവും കൂടിയാകുമ്പോള്‍ 2.60 കോടിയാകും ചെലവ്. മുഖ്യമന്ത്രി ഇല്ലാത്തതുകൊണ്ട് ഇത്തവണ ബസില്ല. ആ ചെലവ് ലാഭം. മന്ത്രിമാരുടെ വണ്ടിയുടെ ഇന്ധനച്ചെലവും മന്ത്രിമാരുടെ യാത്രാപ്പടി അടക്കം ചെലവുകള്‍ക്ക് വേറെയും പണം കണ്ടെത്തണം.

3 ലക്ഷം ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ കെട്ടി കിടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കണക്ക്. മന്ത്രിമാരുടെ അദാലത്ത് കൂടെ കഴിയുമ്പോള്‍ സെക്രട്ടറിയേറ്റില്‍ കെട്ടി കിടക്കുന്ന ഫയലുകള്‍ 10 ലക്ഷം ആകും. പലതും ജില്ലാ തലങ്ങളില്‍ തന്നെ പരിഹരിക്കാന്‍ സാധിക്കുമെങ്കിലും ഭൂരിഭാഗം പരാതികളും സെക്രട്ടറിയേറ്റിലേക്ക് കൊണ്ട് വരുകയാണ് മന്ത്രിമാരുടെ പതിവ്. അദാലത്തില്‍ 21 വിഷയങ്ങള്‍ ആണ് പരിഗണിക്കാന്‍ എടുത്തിരിക്കുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പാണ് ഈ അദാലത്തിന്റെ ഉദ്ദേശം പോലും. കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി പഞ്ചായത്തുകളുടെ ഭരണം പിടിക്കുന്നതിനുള്ള നീക്കങ്ങള്‍ ഇടതുപക്ഷം ആരംഭിച്ചു കഴിഞ്ഞെന്നാണ് സൂചന.

CONTENT HIGHLIGHTS;’ No one needs to come to the government’s ‘Karutulum Kaithang’ Adalam saying this: the pre-bail program will start on the 9th of next month; This is most of the complaints of the public, Labor government?