Features

പഴകിയ ചപ്പാത്തി കഴിക്കുന്നത് ആരോഗ്യത്തിൽ വരുത്തുന്ന മാറ്റങ്ങൾ

രാവിലെയോ രാത്രിയോ ഉച്ചയ്‌ക്കോ അങ്ങനെ ചപ്പാത്തി കഴിക്കാൻ പ്രത്യേകിച്ച് സമയം വേണ്ടെന്നാണ് ചപ്പാത്തി തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ.

ബാക്കിവന്ന ചപ്പാത്തി കഴിക്കുന്ന ശീലം മിക്കയാളുകൾക്കും ഉണ്ടെങ്കിലും ചപ്പാത്തി വേസ്റ്റ് ആകണ്ടെന്ന് കരുതി കഴിക്കുന്നവരാണ് അതിൽ കൂടുതൽ. എന്നാൽ പഴകിയ ചപ്പാത്തി കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ചില ഗുണങ്ങൾ ഉണ്ട്. ഫ്രിഡ്ജിൽ വെച്ചതോ കാസറോളിൽ ബാക്കിയായി ഇരിക്കുന്നതോ ആയ ചപ്പാത്തി അപ്പോൾ ചുട്ടെടുത്ത ചപ്പാത്തിയേക്കാൾ നല്ലതാണെന്നാണ് ന്യൂട്രീഷനിസ്റ്റുകൾ അടക്കമുള്ള ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. 12 മണിക്കൂറിലധികം തണുത്ത സ്ഥലത്ത് സൂക്ഷിച്ച ചപ്പാത്തിയുടെ ഘടനയിൽ വ്യത്യാസമുണ്ടാകുമെന്നും അതിന് മറ്റ് പല ഗുണങ്ങളും കൈവരുമെന്നും പറയുന്നു.

തണുക്കുന്നതിലൂടെ ചപ്പാത്തി കൂടുതൽ എളുപ്പത്തിൽ ദഹിക്കുന്നു. മാത്രമല്ല, ചപ്പാത്തിയിലെ നല്ല ബാക്ടീരിയയുടെ അളവ് വർധിക്കുകയും ചെയ്യും. ദഹനപ്രശ്നങ്ങൾ ഉള്ളവർക്കും ദഹനക്കേട് ഉള്ളവർക്കും ഇത് നല്ലതാണ്. തണുക്കുമ്പോൾ ചപ്പാത്തിയിലെ ജലാംശം വറ്റും. ഇതും ദഹനം എളുപ്പമാക്കുന്ന സംഗതിയാണ്. അപ്പോൾ ചുട്ട ചപ്പാത്തി ഗ്യാസും വയറ് സ്തംഭനവും ഉണ്ടാക്കുമെങ്കിൽ പഴകിയ ചപ്പാത്തി കൊണ്ട് ഈ പ്രശ്നങ്ങളും ഉണ്ടാകില്ല.പഴകിയാലും ചപ്പാത്തിയിൽ വൈറ്റമിൻ ബി, അയേൺ, ഫൈബർ എന്നിവ ബാക്കിയാകും. ചപ്പാത്തി പഴകുന്നതിനനുസരിച്ച് അതിലെ സങ്കീർണ്ണമായ കാർബോഹെഡ്രേറ്റുകൾ വിഘടിച്ച് ലളിതമായ ഘടനയിലേക്ക് എത്തും. അതിലൂടെ പോഷകങ്ങളുടെ ആഗിരണം എളുപ്പത്തിലാകും.

ചപ്പാത്തി പഴകുമ്പോൾ അത് പ്രോബയോട്ടിക്കുകളുടെ സ്രോതസ്സായി മാറും. ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് ഇവ നല്ലതാണ്. അതുകൊണ്ട് പഴകിയ റൊട്ടി കഴിച്ചാൽ കുടലിലെ നല്ല ബാക്ടീരിയളുടെ അളവ് കൂടും. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. പഴയ ചപ്പാത്തിയുടെ ഗ്ലൈസീമിക് ഇൻഡെക്സ് (ജിഐ) കുറവാണ്. കാർബോഹൈഡ്രേറ്റിന്റെ ഘടനയിൽ ഉണ്ടാകുന്ന മാറ്റവും പഞ്ചസാരയുടെ വിഘടനം പതുക്കെയാക്കുന്നു. അതുകൊണ്ട് വളരെ പതുക്കയെ രക്തത്തിലെ ഗ്ലൂക്കോസ് വർധിക്കുകയുള്ളു.