മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ആഗോള-അറബ് മേഖലയിൽ മൂന്നാം സ്ഥാനം നേടി കുവൈത്ത്. കഴിഞ്ഞ ഒക്ടോബറിൽ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പുറത്തുവിട്ട പട്ടികയിലാണ് രാജ്യത്തിന്റെ നേട്ടം. 258.51 എംബിപിഎസ് ആണ് കുവൈത്തിലെ ശരാശരി ഇന്റർനെറ്റ് വേഗത. ഈ നേട്ടം മൊബൈൽ കണക്ടിവിറ്റിയിൽ കുവൈത്തിന് ആഗോളവൽകൃതം സാധ്യമാക്കും. 428.51 എംബിപിഎസ് ശരാശരി വേഗതയോടെ യു.എ.ഇ ആഗോള തലത്തിലും പ്രാദേശിക തലത്തിലും ഒന്നാമതെത്തി. 356.7എംബിപിഎസ് ശരാശരി വേഗതയിൽ ഖത്തർ ആണ് രണ്ടാം സ്ഥാനത്ത്. 95.67എംബിപിഎസ് ശരാശരി വേഗതയോടെ ആഗോള തലത്തിൽ ഇന്ത്യ 26-ാം സ്ഥാനത്താണുള്ളത്.
ഗ്ലോബൽ ഇൻഡക്സ് പുറത്തുവിട്ട സൂചികയിൽ ജിസിസി രാജ്യങ്ങൾ ശക്തമായ പ്രകടനം കാഴ്ച്ചവെച്ചു. 121.9എംബിപിഎസ് ശരാശരി വേഗതയിൽ സൗദി അറേബ്യ പ്രാദേശിക തലത്തിൽ നാലാം സ്ഥാനവും ആഗോള തലത്തിൽ 11-ാം സ്ഥാനവും കരസ്ഥമാക്കി. 116.6എംബിപിഎസ് ശരാശരി വേഗതയോടെ ബഹ്റൈൻ പ്രാദേശിക തലത്തിൽ അഞ്ചാം സ്ഥാനവും ആഗോള തലത്തിൽ 13-ാം സ്ഥാനവും നേടിയപ്പോൾ 89.3എംബിപിഎസ് ശരാശരി വേഗതയോടെ ഒമാൻ പ്രാദേശിക തലത്തിൽ ആറാം സ്ഥാനവും ആഗോള തലത്തിൽ 29-ാം സ്ഥാനവും നേടി.
കുവൈത്തിന്റെ റാങ്കിംഗ് ടെലികമ്മ്യൂണിക്കേഷൻ സൗകര്യങ്ങളുടെ പുരോഗതിയും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ഉയർത്തിക്കാട്ടുന്നു. ജിസിസി രാജ്യങ്ങളുടെ പ്രകടനം ആധുനിക സാങ്കേതികവിദ്യയിലും ഡിജിറ്റൽ നവീകരണത്തിലുമുള്ള മേഖലയിലെ നിക്ഷേപത്തെ സൂചിപ്പിക്കുന്നതാണ്.